തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ, നഷ്ടപരിഹാര തുക കെട്ടി വെച്ചാൽ മാത്രമേ ഇനി വാഹനം വിട്ടു നൽകൂ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇനി വിട്ടുകിട്ടണമെങ്കിൽ എതിർ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാൻ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. കേരള മോട്ടോർ വാഹനചട്ടത്തിന്റൈ കരട് ഭേദഗതി സർക്കാർ പ്രസിദ്ധീകരിച്ചു. വാഹനാപകടം സംഭവിച്ചാൽ എതിർവാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സൗകര്യമാണ് തേർഡ് പാർട്ടി ഇൻഷുറൻസിലുള്ളത്. നിലവിൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ മോചിപ്പിക്കാൻ ഇൻഷുറൻസില്ലാത്തതിന് സ്‌റ്റേഷനിൽ 1000 രൂപ പിഴ അടച്ചാൽ മതി. എന്നാൽ, ഇത്തരത്തിൽ പിഴയൊടുക്കി വാഹനം വീണ്ടെടുത്തശേഷം ഉടമകൾ കേസ് അവഗണിക്കുകയും നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് ചട്ടഭേദഗതിയിലൂടെ കർശന നടപടിക്കൊരുങ്ങുന്നത്. സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലുകളിൽ (എം.എ.സി.ടി) ഇത്തരം ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. എം.എ.സി.ടി നഷ്ടപരിഹാര വിധി വരുമ്പോഴേക്കും ഉടമയുടെ കൈയിൽ വാഹനമുണ്ടാവില്ല, അല്ലെങ്കിൽ പണം കാണില്ല. റവന്യൂ റിക്കവറിയിലേക്ക് നീങ്ങുകയാണെങ്കിൽ കൈവശം ഭൂമിയോ ആസ്തിയോ കാണില്ല. എന്തെങ്കിലും ആസ്തിയുണ്ടെങ്കിൽ അവ കണ്ടെത്തി വസൂലാക്കുന്നതിന് നടപടിക്രമങ്ങളും നൂലാമാലകളും ഏറെയാണ്. കെ.എസ്.ആർ.ടി.സിക്കെതിരെയുള്ള കേസുകളുടെ വിധിയിലും ഈ അനിശ്ചിതത്വവും ഇഴച്ചിലുമുണ്ട്. നഷ്ടപരിഹാരം അനുവദിച്ചുള്ള കോടതിവിധി നടപ്പാക്കിക്കിട്ടാൻ വാദി വീണ്ടും എക്‌സിക്യൂഷൻ പെറ്റീഷനുമായി കോടതിയെ സമീപിക്കേണ്ട ഗതികേടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് നഷ്ടപരിഹാരനടപടികൾ സുഗമവും വേഗത്തിലുമാക്കാൻ മോട്ടോർ വാഹനചട്ടത്തിലെ 391എ വകുപ്പ് ഭേദഗതി ചെയ്യുന്നത്. അപകടത്തിൽപെടുന്ന വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരിക്കുകയും നഷ്ടപരിഹാരത്തിനുള്ള ഗാരന്റി തുക അടക്കാതിരിക്കുകയുമാണെങ്കിലും കഥ മാറും. ഇത്തരം ഘട്ടങ്ങളിൽ വാഹനം പിടിച്ചെടുത്ത് മൂന്ന് മാസത്തിനകം പൊതുലേലം ചെയ്ത് തുക വസൂലാക്കും. കരട് ഭേദഗതിയിൽ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇതടക്കം നടപടികൾ പൂർത്തിയാക്കി ഭേദഗതി ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽവരും.