കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു: പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ; ഒടുവിൽ സംഘർഷം
സ്വന്തം ലേഖകൻ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ, മാറനാട്, കാരുവേലിൽ, മണിമംഗലത്ത് വീട്ടിൽ, പരേതനായ മാത്തൻ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കർ(95) രുടെ മൃതദ്ദേഹമാണ് മാറി സംസ്‌ക്കരിച്ചത്. വർഷങ്ങളായി ചണ്ണപ്പേട്ട കടത്തിണ്ണയിൽ അനാഥനായി കിടന്ന കൊട്ടാരക്കര ആശ്രയായിലെ അന്തേവാസി ചെല്ലപ്പന്റെ (75) മൃതദേഹത്തിന് പകരം തങ്കമ്മയുടെ മൃതദേഹം ഇന്നലെ കൊല്ലം പോളയത്തോ പൊതു ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തങ്കമ്മ പണിക്കർ മരണപ്പെട്ടത്. വിദേശത്തുള്ള മക്കൾ എത്തിയ ശേഷം ഇന്ന് മൂന്നിന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്‌കാരം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കെയാണ് സംഭവം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കൊട്ടാരക്കര സി.ഐ.ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ-പോലീസ് പോളയത്തോട് ശ്മശാനത്തിൽ എത്തി അന്വേഷണം നടത്തി. അടക്കം ചെയ്ത മൃതദ്ദേഹം പുറത്തെടുത്ത് കൊല്ലം ആർ.ഡി.ഒയുടെ അനുമതിയോടെ സംസ്‌ക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.