ഗതാഗത നിയമ ലംഘനം; മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ

ഗതാഗത നിയമ ലംഘനം; മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ


സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് റോഡിലൂടെ ചീറിപ്പായുന്നവരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ. ഇതിലൂടെ പിഴയിനത്തിൽ സർക്കാറിന് ലഭിക്കുക 7.35 കോടി രൂപ. 2018 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്.ഒരു ദിവസം 300ലേറെ വാഹനങ്ങൾ നിയമ ലംഘനത്തിന് കുടുങ്ങുന്നുണ്ട്. വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ബൈക്കിൽ മൂന്നുപേർ സഞ്ചരിച്ചതിനും നിരവധി പേരെ പിടികൂടി. ദേശീയപാതകളിലും പ്രധാന ജങ്ഷനുകളിലും സ്ഥാപിച്ച കാമറകളിലാണ് വാഹനങ്ങൾ കുടുങ്ങിയത്. സിഗ്നൽ ലംഘനം, അമിത വേഗം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഈ വാഹനങ്ങൾക്ക് 400 രൂപ വീതം പിഴ ചുമത്തി നോട്ടീസ് അയച്ചിട്ടുണ്ട്. ചില വാഹനങ്ങൾക്ക് ഒന്നിൽക്കൂടുതൽ പിഴ ഈടാക്കാനും നോട്ടീസുണ്ട്. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും പിഴ അടക്കാത്തവർക്കെതിരേ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാണ് തീരുമാനം. ആദ്യത്തെ പിഴ അടക്കാതെ വീണ്ടും നിയമം ലംഘിച്ചാൽ പിഴ വർധിക്കും.

കാമറ ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടും പിഴയടക്കാതെ മുങ്ങി നടക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. കഴിഞ്ഞ ഒക്ടോബർ വരെ മോട്ടോർ വാഹന വകുപ്പാണ് നോട്ടീസ് നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ കെൽട്രോൺ ആണ് ഇത് നിർവഹിക്കുന്നത്. സൗകര്യക്കുറവും മറ്റും മൂലം മോട്ടോർ വാഹന വകുപ്പിന് വളരെ കുറച്ച് ആളുകൾക്ക് നോട്ടീസ് അയക്കാനേ സാധിച്ചിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കെൽട്രോണിനെ ഏൽപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group