
പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു; ആര്‍സി ഉടമയായ മാതാവിന്‍റെ പേരിൽ കേസെടുത്ത് 25,000 രൂപ പിഴ വിധിച്ചു; സംഭവം കണ്ണൂരിൽ
സ്വന്തം ലേഖകൻ
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. തളിപറമ്പ് സയ്യിദ് നഗര്‍ സി.എച്ച്. റോഡിലെ വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ട്രാഫിക്ക് എസ്.ഐ. രഘുനാഥിന്‍റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടി സ്‌കൂട്ടറില്‍ എത്തിയത്.
തുടര്‍ന്ന്, ആര്‍സി ഉടമയായ മാതാവിന്‍റെ പേരില്‍ കേസ് എടുക്കുകയായിരുന്നു. 25,000 രൂപയാണ് ഇവര്‍ക്ക് പിഴ വിധിച്ചത്. മാത്രമല്ല, ഇത്തരം കേസുകളില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് പിന്നീട് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയുളളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്‍റെ ആര്‍.സി. ഉടമ ഇത്തരത്തില്‍ പിടിയിലാകുന്ന കുട്ടികളുടെ ബന്ധുക്കളല്ലെങ്കില്‍ ആര്‍.സി. ഉടമയുടെ പേരിലും രക്ഷിതാവിന്‍റെ പേരിലും കേസെടുക്കുന്നു. ഇരുവരും കാല്‍ലക്ഷം രൂപ പിഴയടക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
ഇതേരീതിയില്‍ എട്ട് വിദ്യാര്‍ഥികളെ തളിപറമ്പ് പോലീസ് പിടികൂടിയിരുന്നു. വേനലവധി തുടങ്ങിയതു മുതല്‍ 18 വയസിനു താഴെയുളള കുട്ടികള്‍, വാഹനം ഓടിക്കുന്നത് തടയുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുമായി കുട്ടികള്‍ പിടിയിലായാല്‍ ആര്‍.സി. ഓണര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ അതിശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.