
അവസാനമായി വിളിച്ചത് വിദേശത്തുള്ള അച്ഛനെ; മക്കളെയും കൂട്ടി ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു; ജോലിക്കെത്തിയ സ്ത്രീയെ തിരിച്ചയച്ചു; അച്ഛൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ഭർത്താവ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; ജിസ്മോളും ഭർത്തൃമാതാവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും സൂചന; ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും കുഞ്ഞുങ്ങളും പുഴയിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മരിക്കുന്നതിന് മുൻപ് ജിസ്മോൾ അച്ഛനെ വിളിച്ചിരുന്നു എന്നാണ് വിവരം. മക്കളെയും കൂട്ടി ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് ജിസ്മോൾ ഫോൺ വച്ചപാടെ അച്ഛൻ ജിസ്മോളുടെ ഭർത്താവ് ജിമ്മിയെ വിളിച്ച് കാര്യം പറഞ്ഞു.
ജിമ്മി എത്തിയപ്പോൾ കണ്ടത് പൂട്ടിക്കിടക്കുന്ന വീടാണ്. കാൻസർ ബാധിതയായ അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു ജിമ്മി. ജിസ്മോളുടെ സഹോദരങ്ങൾ വിദേശത്താണ്. അവർക്കൊപ്പമാണ് അച്ഛനുമുള്ളത്. മകളുടെയും കൊച്ചുമക്കളുടെയും വിയോഗവാർത്ത ആ അച്‌ഛനെയും തളർത്തിയിരിക്കുകയാണ്. വിദേശത്തുള്ളവർ നാട്ടിലെത്തിയതിനു ശേഷമേ കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരൂ.
അതിനിടെ ജിസ്മോൾ ജീവനൊടുക്കും മുൻപ് വീട്ടിലെ ജോലിക്കാരിയോടും സംസാരിച്ചിരുന്നു. പതിവുപോലെ ജോലിക്കെത്തിയ സ്ത്രീയോട് ഇന്ന് തിരിച്ചുപൊയ്ക്കോളൂ എന്ന് ജിസ്മോൾ പറഞ്ഞു. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോൾ കതക് തുറന്നില്ല. പിന്നാമ്പുറത്തെത്തി വിളിച്ചപ്പോൾ, താൻ കുളിക്കുകയാണ് ഇന്ന് വീട്ടിലുണ്ടാകും അതുകൊണ്ട് പൊയ്‌ക്കോളൂവെന്ന് ജിസ്മോൾ പറഞ്ഞുവെന്നാണ് വീട്ടുജോലിക്കാരി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജിസ്മോളും ഭർത്തൃമാതാവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. എന്നാൽ, ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്‌നങ്ങൾ ഇവർക്കിടയിൽ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മുപ്പത്തിനാല് വയസ്സാണ് ജിസ്മോളുടെ പ്രായം. മക്കളായ അഞ്ചുവയസുകാരി നോഹ, രണ്ടുവയസുകാരി നോറ എന്നിവരുമായിട്ടാണ് ജിസ്മോൾ മീനച്ചിലാറ്റിൽ ചാടിയത്.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു മുൻപ് വീട്ടിൽവെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ജീവനൊടുക്കാൻ ജിസ്മോൾ ശ്രമിച്ചിരുന്നു.
ഇതെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി ജിസ്മോൾ മീനച്ചിലാറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്മോൾ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു.