play-sharp-fill
ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ പിന്നിലെ സീറ്റിൽ ഒരുമിച്ചിരുന്ന് സംസാരിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും പിങ്ക് പൊലീസും ചേർന്ന് സദാചാര പൊലീസ് കളിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടിയുടെ പരാതി പ്രകാരമാണ് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് എടുത്തത്. വീഡിയോ എടുത്ത് പ്രചരിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരേ മാത്രമാണ് കേസുള്ളത്. സദാചാര പൊലീസ് ചമഞ്ഞ് കുട്ടികളെ ചോദ്യം ചെയ്യുകയും അവരുടെ വീഡിയോ എടുക്കുകയും ചെയ്ത പിങ്ക് പൊലീസുകാരികൾക്കെതിരേ കേസില്ല. അവർ വീഡിയോ എടുത്തതിന് തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ രണ്ടു സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയും വിദ്യാർത്ഥിയുമാണ് വീഡിയോയിൽ ഉള്ളത്. ആൺകുട്ടി എസ്പിക്ക് നൽകിയ പരാതി പ്രകാരമാണ് നടപടി. താനും തന്റെ സുഹൃത്തും പത്തനംതിട്ട സ്വകാര്യബസ് സ്റ്റാൻഡിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്വകാര്യ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്തുവെന്നും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന അന്നു തന്നെ താൻ ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടിരുന്നു.

പിന്നാലെയാണ് വീഡിയോ പ്രചരിപ്പിച്ചിട്ടുള്ളത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിക്കാനുള്ള നടപടിയും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, പ്രായ പൂർത്തിയാകാത്തവരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കൽ എന്നിവയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് പരാതിക്ക് ആധാരം.

ഇവർ ഉച്ച സമയത്ത് ഒരു സ്വകാര്യ ബസിന്റെ പിന്നിലെ സീറ്റിൽ ഇരുന്ന് സംസാരിക്കുകയാണ്. ബസിന്റെ കതകും ജനാലകളുമെല്ലാം തുറന്ന് കിടക്കുകയാണ്. അതിലേക്ക് കടന്നു വരുന്ന ബസ് ജീവനക്കാരൻ വിദ്യാർത്ഥികളെ പിങ്ക് പൊലീസുകാരികൾ ചോദ്യം ചെയ്യുന്നത് കാമറയിൽ പകർത്തുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയുമാണ്. പിങ്ക് പൊലീസ് ചോദ്യം ചെയ്യുമ്പോൾ കുട്ടികൾ പേരും വയസുമൊക്കെ പറയുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ പിങ്ക് പൊലീസുകാരി ഇവരെ വീഡിയോയിൽ പകർത്തുന്നുമുണ്ട്.

പൊലീസിന്റെ സാന്നിധ്യത്തിലാണ് ബസ് ജീവനക്കാർ അശ്ലീലം പറയുന്നതും വീഡിയോ എടുക്കുന്നതും. പ്രായ പൂർത്തിയാകാത്തവരുടെ വീഡിയോ എടുക്കുന്നത് പൊലീസ് തടയേണ്ടിയിരുന്നു. അതിന് പൊലീസുകാരികൾ തുനിഞ്ഞില്ലെന്ന് മാത്രമല്ല, സ്വയം വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. ബസ് ജീവനക്കാരുടെ പരാതി പ്രകാരമാണ് തങ്ങൾ എത്തിയതെന്നാണ് പൊലീസുകാരികൾ പറയുന്നത്.

പൊലീസുകാരി വീഡിയോ എടുത്തിട്ടില്ലെന്ന് പത്തനംതിട്ട എസ്.എച്ച്ഒ പറയുന്നു. പെൺകുട്ടി ഇതു വരെ പരാതി നൽകിയിട്ടില്ല. പരാതി നൽകാൻ പെൺകുട്ടി തയാറായാൽ കേസിന്റെ രൂപവും ഭാവവും മാറും. പോക്‌സോയുടെ പരിധിയിലേക്ക് കേസ് വരികയും ചെയ്യും.