മൂലവട്ടം സ്വദേശിയായ വിമുക്തഭടനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ മാതൃകാപരമായ നടപടിയുമായി മലയാള മനോരമ: വധശ്രമക്കേസിലെ പ്രതിയായ മുൻ പട്ടാളക്കാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു; സർക്കുലേഷൻ വിഭാഗം ജീവനക്കാരനെതിരെ നടപടികൾ ആരംഭിച്ചു; പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടം സ്വദേശിയായ വിമുക്തഭടൻ ഷാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മലയാള മനോരമ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മലയാള മനോരമ. കേസിലെ ഒന്നാം പ്രതിയും എംഎം പബ്ലിക്കേഷൻസിലെ സെക്യൂരിറ്റി ജീവനക്കാരനുമായ മൂലവട്ടം നന്ദനം വീട്ടിൽ അനിൽകുമാറിനെ മലയാള മനോരമ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കേസിലെ രണ്ടാം പ്രതിയും അനിൽകുമാറിന്റെ ഭാര്യാസഹോദരനും മലയാള മനോരമ തൃശൂർ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗം ജീവനക്കാരനുമായ മൂലവട്ടം കുറ്റിവേലിൽ വീട്ടിൽ അനുരാജിനെതിരെ നടപടികൾ മലയാള മനോരമ ആരംഭിച്ചിട്ടുണ്ട്. എംഎം പബ്ലിക്കേഷൻസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അനിൽകുമാറിനെ സർവീസിൽ നിന്നും പിരിച്ച് വിട്ട ശേഷം അടുത്ത ആളെ ഈ പദവിയിലേയ്ക്ക് നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. തൃശൂർ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗം ജീവനക്കാരനായ അനുരാജിനെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് മൂന്നിനാണ് മലയാള മനോരമ ജീവനക്കാരായ അനുരാജും, അനിൽകുമാറും ചേർന്ന് മൂലവട്ടം പാട്ടവലയ്ക്കൽ വീട്ടിൽ ഷാജിയും തല തല്ലിത്തകർത്ത് ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാജി കഴിഞ്ഞ 20 നാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. 17 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുമില്ല. ഗുരതരമായ ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ കഴിഞ്ഞ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികളും ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. രണ്ടു പ്രതികൾക്കും പൊലീസിൽ നിന്നും മലയാള മനോരമയിലെ ഒരു വിഭാഗത്തിൽ നിന്നും വൻ പിൻതുണയും ലഭിച്ചിട്ടുണ്ട്.
അനിൽകുമാറിന്റെ രണ്ടു സഹോദരൻമാർ പൊലീസിലാണ്. ഇവരുടെ സഹായത്താലാണ് അനിൽകുമാർ ദിവസങ്ങളായി ഒളിവിൽ കഴിയുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ജില്ലയുടെ വിവിധ സ്ഥലങ്ങളിലായാണ് അനിൽകുമാർ ഒളിവിൽ കഴിയുന്നത്. അനുരാജിനാകട്ടെ മലയാള മനോരമ തൃശൂർ യൂണിറ്റിൽ നിന്നും വലിയ പിൻതുണയാണ് ലഭിക്കുന്നത്. ഇരുവരും പ്രതി ചേർക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ ഇരുവർക്കും എതിരെ ചുമത്തപ്പെട്ട വകുപ്പുകൾ കുറയ്ക്കുന്നതിനു വേണ്ടി മലയാള മനോരമ തൃശൂർ യൂണിറ്റിൽ നിന്നും ഇടപെടൽ ഉണ്ടായി. തൃശൂർ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള തിരുമേനി എന്ന വ്യക്തിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ മലയാള മനോരമ കോട്ടയം ബ്യൂറോയിൽ നിന്നും ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിളി എത്തി. മലയാള മനോരമ കോട്ടയം ബ്യൂറോയിലെ ചിലരുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കേസിന്റെ ആദ്യ ഘട്ടത്തിൽ ചെറിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. എന്നാൽ, പിന്നീട് സത്യം തിരിച്ചറിഞ്ഞ് സി.ഐ അടക്കമുള്ളവർ ഇടപെട്ടതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എന്നാൽ, ഇപ്പോഴും മലയാള മനോരമ തൃശൂർ യൂണിറ്റിൽ നിന്നുള്ള പൂർണ പിൻതുണ അനുരാജിന് ലഭിക്കുന്നുണ്ടെന്നാണ് ്‌വ്യക്തമാകുന്നത്. തൃശൂർ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന തിരുമേനി എന്ന വ്യക്തിയാണ് ഇപ്പോഴും അനുരാജിന് പിൻതുണ നൽകുന്നത്. 15 ദിവസത്തെ അവധിയാണ് അനുരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ആവശ്യത്തിന് അവധിയെടുക്കാനും, പ്രശ്‌നം പരിഹരിച്ച ശേഷം മടങ്ങിയെത്താനുമുള്ള നിർദേശമാണ് തിരുമേനി അനുരാജിന് നൽകിയിരിക്കുന്നത്. ഇത്് അടക്കം വൻ പിൻതുണയാണ് മലയാള മനോരമയിൽ നിന്നും ഗുണ്ടകൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.