Spread the love

മേയ് മാസത്തില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനും താപനില കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.മേയ് രണ്ടാം ആഴ്ചയോടെ ശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.

video
play-sharp-fill

അറബിക്കടലില്‍ നിന്നുള്ള ഈർപ്പം നിറഞ്ഞ പടിഞ്ഞാറൻ കാറ്റുകള്‍ കേരള തീരത്ത് സജീവമാകുന്നതോടെ മഴ ശക്തമാകും. നിലവില്‍ തെലങ്കാന മുതല്‍ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാതിയുടെ സ്വാധീനത്തില്‍ ഇടിയോടുകൂടിയ വേനല്‍മഴ ലഭിച്ചുവരികയാണ്.

ഏപ്രില്‍ അവസാനവും മേയ് തുടക്കവും ആഗോള മഴ ഘടകമായ മാഡൻ-ജൂലിയൻ ഓസിലേഷൻ ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് സജീവമാകുന്നതോടെ കരയിലേക്ക് ഈർപ്പത്തിന്റെ ഒഴുക്ക് വർധിക്കുകയും മഴ ശക്തമാകുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തിലെ ശരാശരി മഴയായ 219.1 മില്ലീമീറ്ററിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി വേനല്‍മഴയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസവും മേയാണെന്നതും ശ്രദ്ധേയമാണ്.അതേസമയം, മണ്‍സൂണ്‍ സംബന്ധിച്ച അന്തിമ പ്രവചനങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

ഏപ്രില്‍ 13-നുള്ള പ്രാഥമിക റിപ്പോർട്ടില്‍ രാജ്യത്താകെ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറവായിരിക്കാമെന്നാണ് സൂചന. കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തീയതിയും ജൂണ്‍ മാസത്തിലെ മഴ പ്രവചനവും മേയ് അവസാനത്തോടെ പുതുക്കി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ലഭിച്ച മഴ ശരാശരിയേക്കാള്‍ കുറവായിരുന്നു (105.5 മില്ലീമീറ്റർ). കർണാടകയോടും മഹാരാഷ്ട്രയോടും ചേർന്ന പ്രദേശങ്ങളില്‍ മധ്യാന്തരീക്ഷത്തില്‍ നിലനിന്ന പ്രതിചക്രവാതച്ചുഴിയാണ് മഴമേഘങ്ങള്‍ രൂപപ്പെടുന്നത് തടഞ്ഞതും ചൂട് കൂടാൻ കാരണമായതും. ഈ ഘടകമാണ് രാത്രിയിലും ചൂട് കുറയാതിരുന്നതിനും കാരണമായത്. സൂര്യന്റെ ഉത്തരായണ ഘട്ടവും മഴമേഘങ്ങളുടെ വർധനയും ചേർന്ന് നിലവിലെ കടുത്ത ചൂടില്‍ നിന്ന് സംസ്ഥാനത്തിന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.