
സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രവാസി വനിത അനിത പുല്ലയിലിന് കുരുക്ക് മുറുകുമെന്ന് സൂചന.
മോന്‍സന് അനിത പുല്ലയിലുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരാതിക്കാരന്‍ ഷെമീറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നു. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അനിതയുടെ മൊഴി. മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്നും ഇവര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ താന്‍ മുടക്കിയെന്നും അത് തിരികെ ചോദിച്ചതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും മോന്‍സന്‍ ശബ്ദരേഖയില്‍ പറയുന്നു.
2019ലാണ് വിവാഹം നടന്നത്. പണം കൈവശമില്ലെന്ന അനിത പറഞ്ഞതിനാല്‍ 18 ലക്ഷം രൂപ മുടക്കി വിവാഹത്തിനുള്ള എല്ലാ സജ്ജീകരണവും നടത്തി. സ്വര്‍ണവും വസ്ത്രവും വാങ്ങി. ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.
സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ 10 ലക്ഷം രൂപ താന്‍ തിരികെ ചോദിച്ചു. എന്നാല്‍ 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയതല്ലേ അവരോടൊക്കെ ചോദിച്ചിരുന്നോ എന്നായിരുന്നു അനിതയുടെ മറുപടി. അത് അനാഥാലയത്തിലെ കുട്ടികള്‍ അല്ലേ, പണം ചോദിക്കാന്‍ പറ്റുമോ എന്ന് താന്‍ മറുപടി പറഞ്ഞു. 8 ലക്ഷം പോകട്ടെ, പത്ത് ലക്ഷമെങ്കിലും തരാന്‍ താന്‍ പറഞ്ഞിരുന്നു.
തന്റെ കയ്യില്‍ അന്ന് പണമുണ്ടായിരുന്നപ്പോള്‍ സഹായിച്ചതാണ്. അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകള്‍ അതിമനോഹരമായി, അടിപൊളിയായി നടത്തി. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നു. അതും താനാണ് നടത്തിയത്. രണ്ട് വിവാഹങ്ങളുടെയും മുഴുവന്‍ ചെലവും ഒരുമിച്ചാണ് നടത്തിയതെന്നും മോന്‍സന്‍ പറയുന്നു.
പണം മുടക്കിയത് മുഴുവന്‍ തന്റെ അക്കൗണ്ടില്‍ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോന്‍സന്‍ പറയുന്നു. അനിതയുടെ പക്കല്‍ പണമില്ലെന്ന് തനിക്ക് തോന്നുന്നില്ല. അനിതയുടെ ഭര്‍ത്താവിന് ഇറ്റലിയില്‍ നല്ല ജോലിയുണ്ട്. അവര്‍ക്ക് വരുമാനമുണ്ടെന്നും മോന്‍സന്‍ ഷെമീറിനോട് ടെലിഫോണിലൂടെ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അനിതയുടെ മൊഴിയെടുത്തത്. ആവശ്യമെങ്കില്‍ അനിതയെ നാട്ടില്‍ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.