
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസെടുത്തു.
കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎഫ്സിയിൽ നിന്നും ‘യുഎ 16+’ വിഭാഗത്തിലുള്ള അനുമതിപത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഈ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി സിനിമയിലെ ചില രംഗങ്ങളിൽ ഭേദഗതി വരുത്തുകയും, അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തി കൃത്രിമം കാണിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
സിബിഎഫ്സി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് റീജിയണൽ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് അണിയറപ്രവർത്തകർക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെന്‍സര്‍ ബോർഡ് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു. പക്ഷേ അണിയറക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തരം മാറ്റങ്ങള്‍ വരുത്തിയ സിനിമയായിരുന്നില്ല. ഏതൊക്കെ ഭാഗങ്ങളാണോ നീക്കം ചെയ്യാന്‍ നിർദേശിച്ചത്, അത് കോര്‍ത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങള്‍ മ്യൂട്ട് ഒഴിവാക്കുകയും ചെയ്തു. സിനിമാട്ടോഗ്രഫി നിമയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ, ഒരുലക്ഷം രൂപ വരെ പിഴയുമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റല്‍ ക്രിയേറ്റര്‍ എന്നിവർക്ക് പൊലീസ് നോട്ടീസ് നല്കി വിളിച്ചു വരുത്തും. ഇവര്‍ പൊലീസിനാണ് വിശദീകരണം നല്‍കേണ്ടത്. അന്വേഷണത്തില്‍ സെന്‍സര്‍ ചെയ്യാത്ത സിനിമയാണ് പ്രദര്‍ശിപ്പിച്ചതെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും. അതേസമയം, സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നതും ശ്രദ്ധേയമാണ്
യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലിനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ കയ്യടി നേടി മികച്ച കലക്ഷനോടെ പ്രദർശനം തുടരുന്നതിനിടയിലാണ് പുതിയ നിയമക്കുരുക്ക്.
സിനിമയുടെ പ്രദർശനത്തെയോ ഒടിടി റിലീസിനെയോ ഈ കേസ് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും.







