video
play-sharp-fill
അശാസ്ത്രീയ ചികിത്സ : ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

അശാസ്ത്രീയ ചികിത്സ : ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

സ്വന്തം ലേഖിക

ആലപ്പുഴ: മോഹനൻ വൈദ്യർ നടത്തിയ അശാസ്ത്രീയ ചികിത്സ കാരണം ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് മോഹനൻ വൈദ്യർ. അറസ്റ്റിലാകുമെന്ന ഭീതിയിലാണ് മോഹനൻ നായർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

പ്രപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന കുട്ടി വൈദ്യരുടെ അശാസ്ത്രീയ ചികിത്സമൂലം മരിച്ചെന്നാണു പരാതി. സംഭവത്തിൽ മനഃപൂർവമായ നരഹത്യക്കു മാരാരിക്കുളം പോലീസ് കേസെടുത്തിരുന്നു. വൈദ്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്കു കത്തു നൽകിയതിനു പിന്നാലെയാണു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെ.എൻ. നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർ. താൻ ഇരുപതു വയസു മുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളാണെന്നു ജാമ്യഹർജിയിൽ വൈദ്യർ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചു കൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നത്. നിരവധി പേർക്ക് സൗഖ്യം പകർന്നിട്ടുണ്ട്. എം.പിമാർ, എം.എൽ.എമാർ, വിവിധ എൻ.ജി.ഒകൾ അടക്കമുള്ളവർ തന്നെ ആദരിച്ചിട്ടുമുണ്ട്. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചു നൽകിയിട്ടില്ലെന്നും മുൻകൂർ ജാമ്യഹർജിയിൽ മോഹനൻ നായർ വ്യക്തമാക്കുന്നു.