
തട്ടിപ്പ് വീരൻ മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ച് കളയുന്നു: പൊളിക്കുന്നത് ചട്ടം ലംഘിച്ച് നിർമ്മിച്ച ബംഗ്ളാവ്
സ്വന്തം ലേഖകൻ
മുംബൈ: ജനത്തെയും ബാങ്കുകളെയും പറ്റിച്ച് വിദേശത്തേക്ക് മുങ്ങിയ പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ കടല്‍തീരത്തുള്ള ബംഗ്ലാവ് പൊളിച്ചു മാറ്റുന്നു. അലിബാഗിലെ നൂറ് കോടി വിലയുള്ള ബംഗ്‌ളാവ് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിച്ചുമാറ്റുന്നത്. തീരദേശ നിയന്ത്രണ ചട്ടം ലംഘിച്ചാണ് ആഢംബര ബംഗ്‌ളാവ് നിര്‍മ്മിച്ചതെന്ന് റായ്ഗഢ് ജില്ലാക്ടര്‍ സൂര്യവന്‍ഷി പറഞ്ഞു.പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാനുളള നടപടികള്‍ ഇതിനോടകം തന്നെ ജില്ലാ ഭരണകൂടം ആരംഭിച്ചു.

33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ് 100 കോടിയോളം രൂപ വിലമതിക്കുന്നതാണ്. മുംബൈ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് ബംഗ്ലാവുള്ളത്. ഉന്നതരുടേയും മറ്റും വന്‍കിട പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബംഗ്ലാവാണിത്.
റായ്ഗഢില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങള്‍ പോളിച്ചുമാറ്റാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. 2009 ലായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
നീരവ് മോദിയുടെ അമ്മാവനും ബാങ്ക് തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയുമായ മെഹുല്‍ ചോക്സിയ്ക്കും അലിബാഗില്‍ ആഢംബര ബംഗ്ലാവുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളായ നീരവ് മോദിയും മെഹുല്‍ ചോക്സിയും ഇപ്പോള്‍ വിദേശത്താണുള്ളത്