
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഈ നേട്ടം സവിശേഷമാണെന്നും മോദി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘തലമുറകള്‍ ഓര്‍ത്തുവെക്കുന്ന വിജയമാണിത്. പാരിസില്‍ ഇന്ത്യന്‍ ഹോക്കി ടീം വളരെ തിളക്കമുള്ള പ്രകടനം കാഴ്ച വെച്ചാണ് വെങ്കലമെഡല്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമെന്ന നിലയില്‍ ഈ വിജയം അല്‍പ്പം കൂടി സവിശേഷമാണ്. കഴിവിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ടീം സ്പിരിറ്റിന്റെയും വിജയമാണിത്. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍’, മോദി എക്സില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരികമായ ബന്ധമാണുള്ളത്. ഈ നേട്ടം രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ഹോക്കിയെ കൂടുതല്‍ ജനപ്രിയമാക്കും’, മോദി കൂട്ടിച്ചേര്‍ത്തു.
സ്പെയിനിനെതിരായ വെങ്കലമെഡല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും നിർണായക സേവുകളുമായി ഗോള്‍കീപ്പറും മലയാളി താരവുമായ പി ആർ ശ്രീജേഷുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികളായത്. പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച പിആർ ശ്രീജേഷ് വെങ്കലമെഡല്‍ നേട്ടത്തോടെ പടിയിറങ്ങിയിരിക്കുകയും ചെയ്തു.