
സ്വന്തം ലേഖകൻ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കണ്ട അത്യപൂര്‍വ്വ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇന്ന് നടന്നത്. പല വിഐപി കല്യാണങ്ങള്‍ക്കും വേദിയായിട്ടുണ്ടെങ്കിലും കൃഷ്ണ സന്നിധിയില്‍ ഒരു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവാഹം നടക്കുന്നത് ആദ്യ സംഭവമാണ്. ഇതിന് മുമ്പ് ഒരു ഇവിടെ നടന്ന മറ്റൊരു വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഇത് കൂടാതെ മലയാളത്തിന്റെ താരരാജാക്കന്മാരുടെ സാന്നിധ്യം കൊണ്ടും ഭാഗ്യ സുരേഷ് – ശ്രേയസ്സ് വിവാഹം ശ്രദ്ധേയമായി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നതു തന്നെയാണ് ഇതില്‍ നിര്‍ണായകമായതും. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ഗുരുവായൂരില്‍ എത്തിയതും. ഇതിന് മുമ്പ് കെ കരുണാകരന്റെ മക്കളായി കെ മുരളീധരന്റെയും പത്മജയുടെയും വിവാഹം ഗുരുവായൂരില്‍ വച്ചാണ് നടന്നത്. അക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു കെ കരുണാകരൻ. എന്നിട്ടു കൂടി ഇന്ദിരയും ഈ വിവാഹങ്ങള്‍ക്ക് എത്തിയിരുന്നില്ല. ഈ ചരിത്രം നിലനില്‍ക്കെയാണ് സുരേഷ് ഗോപിക്ക് വേണ്ടി മോദി വിവാഹത്തില്‍ പങ്കെടുത്തതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് മോദി വിവാഹ വേദിയിലേക്ക് എത്തിയത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായി മാറുകയും ചെയ്തു. പ്രധാനമന്ത്രിയാണ് കാരണവരുടെ റോളില്‍ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തു. സുരേഷ് ഗോപിയെയും മക്കളെയും ചേര്‍ത്തു നിര്‍ത്തുകയായിരുന്നു അദ്ദേഹം.
വധൂവരന്മാര്‍ക്ക് വരണമാല്യം എടുത്ത നല്‍കിയത് മോദിയായിരുന്നു. ഈ ഹാരം പര്‌സ്പ്പരം അണിയിച്ചു വിവാഹ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഇരുവരും മോദിയുടെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങി. ഭാഗ്യയുടെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധൂവരന്മാര്‍ക്ക് അക്ഷതം നല്‍കി അനുഗ്രഹം നല്‍കി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം,ഖുശ്‌ബു,ദുലീപ്,ഷാജി കൈലാസ്,രചന നാരായണൻകുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
2019 ല്‍ രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികളിലൊന്ന് ഗുരുവായൂര്‍ ദര്‍ശനമായിരുന്നു. അമ്ബലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പൊതുസമ്മേളനം ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും. മുൻപ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഗുരുവായൂര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗുരുവായൂര്‍ ദര്‍ശനമായിരുന്നു ഇത്.
മോദി എത്തും മുൻപുതന്നെ ഗുരുവായൂരിലെ ദര്‍ശനവും വിവാഹങ്ങളും വിവാഹസമയങ്ങളിലെ മാറ്റവുമെല്ലാം വലിയ വാര്‍ത്തകളും വിവാദങ്ങളുമായി മാറിയിരുന്നു. ഗുരുവായൂരിലെ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ദേശീയ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഭരണ മാറ്റങ്ങളില്‍ അധികാരം നഷ്ടപ്പെടുകയും തിരിച്ചുപിടിക്കുകയും ചെയ്തപ്പോഴെല്ലാം രാഷ്ട്രീയ നേതാക്കള്‍ പലരും ഗുരുവായൂരിലേക്ക് ഓടിയെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പനെ തൊഴുതതുകൊണ്ട് പാര്‍ട്ടിയില്‍നിന്ന് ശാസന കേട്ടവരുമുണ്ട്. കെ കരുണാകരനാകട്ടെ കേരളം ഭരിച്ചത് ഗുരുവായൂരപ്പനെ മുറുകെ പിടിച്ചായിരുന്നു.
ഇന്ദിരയ്ക്കു പിന്നാലെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് നാരായണീയം നാനൂറാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ ഗുരുവായൂരിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻ ഹിന്ദു മത സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാൻ ഗുരുവായൂരിലെത്തി ദര്‍ശനം നടത്തി. ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആയിരുന്ന ആര്‍.വെങ്കട്ടരാമൻ, ശങ്കര്‍ ദയാല്‍ ശര്‍മ, പ്രധാനമന്ത്രി പി.വി.നരസിംഹറാവു എന്നിവരും ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
പ്രതിഭ പാട്ടീല്‍, പ്രണബ് മുഖര്‍ജി, റാംനാഥ് കോവിന്ദ് എന്നീ രാഷ്ട്രപതിമാരും ക്ഷേത്രദര്‍ശനം നടത്തി. കെ.ആര്‍.നാരായണൻ, എ.ബി.വാജ്‌പേയി, എല്‍.കെ.അഡ്വാനി, ചന്ദ്രശേഖര്‍, എച്ച്.ഡി. ദേവെഗൗഡ എന്നിവരും അധികാര സ്ഥാനത്തിരിക്കുമ്ബോഴും അല്ലാത്തപ്പോഴും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. സിപിഎമ്മില്‍നിന്നു പുറത്തായതിനു ശേഷം കെ.ആര്‍.ഗൗരിയമ്മ രണ്ടു വട്ടം ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ട്. സിഎംപി നേതാവ് എം വിരാഘവനും ക്ഷേത്രത്തിനകത്തു കയറി. സിപിഎം നേതാവായ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെ ദര്‍ശനം നടത്തി, പാര്‍ട്ടിയുടെ ശാസന വാങ്ങി.



