play-sharp-fill
കമാൻഡർ ഇൻ ചീഫ്: മോദിക്കെതിരായ പരാമർശനത്തിൽ രാഹുൽ ഗാന്ധിയ്ക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി; മുല്ലപ്പള്ളിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയ്ക്കും അപകീർത്തിക്കേസ്

കമാൻഡർ ഇൻ ചീഫ്: മോദിക്കെതിരായ പരാമർശനത്തിൽ രാഹുൽ ഗാന്ധിയ്ക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി; മുല്ലപ്പള്ളിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയ്ക്കും അപകീർത്തിക്കേസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അപകീർത്തിക്കേസ് ഫയൽ ചെയ്തതിനു പിന്നാലെ മോദിയെ അപമാനിച്ചെന്ന അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയ്ക്കും കോടതിയുടെ സമൻസ്. രാഹുലിന്റെ ട്വിറ്റർ പരാമർശനത്തിന്റെ പേരിലാണ് കേസ് നടപടികൾ നേരിടേണ്ടി വന്നതെങ്കിൽ മുല്ലപ്പള്ളിയ്ക്ക് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിലാണ് നടപടിയെ നേരിടേണ്ടി വന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഫാൽ ഇടപാടിലെ അഴിമതി ആരോപിച്ച് ‘കമാൻഡർ ഇൻ ചീഫ്’ എന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് മുംബൈയിലെ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊലീസ് പോസ്റ്റൽ വോട്ട് തട്ടിപ്പിന്റെ പേരിൽ ലോക്‌നാഥ് ബഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിലേയ്ക്ക് താഴുന്നു എന്ന പരാമർശത്തിന്റെ പേരിലാണ് മുല്ലപ്പള്ളിയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ അനുമതി നൽകിയത്. രാഹുൽഗാന്ധിയോട് ഗിർഗൗം മെട്രോപോളിറ്റൻ കോടതിയാണ് ഒക്ടോബർ 3 ന് മുൻപായി കോടതിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവർത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് നരേന്ദ്രമോദിയുടെ പേര് പരാമർശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാൻഡർ എന്ന പരിഹാസം രാഹുൽ ട്വീറ്റ് ചെയ്തത്.