ജയിലുകളിൽ മൊബൈൽ ജാമർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ; മുൻപ് 20 ലക്ഷം മുടക്കി സ്ഥാപിച്ച മൊബൈൽ ജാമറിൽ കണ്ണൂരിലെ തടവുകാർ ഉപ്പ് നിറച്ച് കേടാക്കിയത് ചരിത്രം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ജാമർ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂന്നു സെൻട്രൽ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമർ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയിൽ വകുപ്പ് കെൽട്രോണിനു കത്തു നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ തടവുകാർക്ക് ഉപ്പ് ലഭ്യമാകരുതെന്നാണ് പൂർവകാല ചരിത്രം ഓർമപ്പെടുത്തുന്നത്.കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമർ പ്രവർത്തിച്ചത് ആറു മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായപ്പോഴാണു 2007ൽ ജാമർ സ്ഥാപിച്ചത്. സ്ഥാപിച്ച ഉടനെ സംവിധാനം നശിപ്പിക്കാനുള്ള എല്ലാശ്രമങ്ങളും തടവുകാരുടെ ഭാഗത്തു നിന്നും ഉണ്ടായി.ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകൾ വിവിധ ബ്ലോക്കുകൾ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാർ ശ്രമിച്ചത്. എന്നാൽ കേബിളുകൾ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങൾ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാൽ ജാമർ കേടാക്കാൻ കഴിയുമെന്നു മനസിലാക്കിയ തടവുകാർ അതിനുള്ള ശ്രമം തുടങ്ങി.ഉപ്പിട്ടാൽ ജാമർ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദദ്ധർ ആരോ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു. തികയില്ലെന്ന് കണ്ടപ്പോൾ ജയിൽ അടുക്കളയിൽനിന്ന് ഉപ്പ് മോഷ്ടിക്കുകയും ചെയ്തു. അങ്ങനെ ദിവസങ്ങൾ എടുത്ത് ഉപ്പ് ശേഖരണം പൂർത്തിയാക്കി. ഇതിനുശേഷം മണ്ണിനടിയിലെ യന്ത്രഭാഗങ്ങളിൽ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു.കൂടുതൽ സാങ്കേതിക മികവുള്ള ജാമർ സ്ഥാപിച്ചാൽ മാത്രമേ തടവുകാരുടെ ഇത്തരം നശീകരണപ്രവർത്തികളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ.