play-sharp-fill
ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു: രണ്ടു കടമുറികൾ കത്തിനശിച്ചു

ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു: രണ്ടു കടമുറികൾ കത്തിനശിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് രണ്ട് കടമുറികൾ കത്തി നശിച്ചു. മുറിയിലെ കമ്പ്യൂട്ടറിന്റെ സി.പി.യുവിന്റെ മുകളിൽ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയ്ക്കുള്ളിൽ ആളിപ്പടർന്ന തീയിൽ രണ്ടു മുറികളും ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ നാട്ടകം പോളിടെക്നിക്കിനു മുന്നിൽ രേവതി ബിൽഡിംഗിലെ രണ്ടാം നിലയിലായിരുന്നു ദുരന്തം.


വാഹനങ്ങളുടെ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുന്ന കമ്പനിയുടെ റെപ്രസെന്റിറ്റീവുമാരായ യുവാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. ജോലിയുടെ ആവശ്യത്തിനായി ഇരുവരും പുറത്തു പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുറിയിലെത്തിയ ഇരുവരും മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി കുത്തിയിട്ട ശേഷം പുറത്തേയ്ക്ക് പോയി. മൂന്നരയോടെ മുറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ട കോൺഗ്രസ് നേതാവും മുൻ നഗരസഭ അംഗവുമായ അനീഷ് വരമ്പിനകം വിവരം അഗ്‌നിരക്ഷാ സേനാ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തിയെങ്കിലും രണ്ടു മുറികൾ പൂർണമായും അഗ്‌നിയ്ക്ക് ഇരയായിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ ഒരു വശത്തു കൂടി ഉള്ളിൽ പ്രവേശിച്ച അഗ്‌നിരക്ഷാ സേനാ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശത്തെ പുക ഇനിയും നിന്നിട്ടില്ല. മൊബൈൽ ഫോൺ അമിതമായി ചൂടായതാണ് അപകടത്തിനു കാരണമെന്ന് അഗ്‌നിരക്ഷാ സേനാ അധികൃതർ അറിയിച്ചു. ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.