play-sharp-fill
സ്കൂൾ അധികൃതർ മൊബൈൽ ഫോൺ വാങ്ങി വച്ചു: പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി; ഫൈനടച്ചിട്ടും ഫോൺ തിരികെ നൽകിയില്ല

സ്കൂൾ അധികൃതർ മൊബൈൽ ഫോൺ വാങ്ങി വച്ചു: പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി; ഫൈനടച്ചിട്ടും ഫോൺ തിരികെ നൽകിയില്ല

സ്വന്തം ലേഖകൻ

കോട്ടയം: സ്കൂൾ അധികൃതർ മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും , മാതാപിതാക്കളെ വിളിച്ചു വരുത്തി 250 രൂപ ഫൈൻ അടപ്പിക്കുകയും ചെയ്തതിൽ മനം നൊന്ത് പ്ളസ് ടു വിദ്യാർത്ഥി ജീവനൊടുക്കി. കുമാരനല്ലൂർ ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി അയ്മനം വല്യാട് പുത്തൂക്കരിയിൽ (ചെമ്പിട്ടിടത്തിൽ) പി.സി ജയന്റയും ഷീലയുടെയും മകൻ ജിഷ്ണു ( 18) വാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിൽ ജിഷ്ണുവിന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതായി പറയുന്നു. തുടർന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരാൻ ജിഷ്ണുവിനോട് നിർദേശിച്ചു. തുടർന്ന് ജിഷ്ണു വ്യാഴാഴ്ച രാവിലെ മാതാപിതാക്കളെയും കൂട്ടി ഓഫിസിൽ എത്തി. മാതാപിതാക്കളുടെ മുന്നിൽ വച്ച് ഫോണിന്റെ ലോക്കഴിക്കാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും ജിഷ്ണു തയ്യാറായില്ലന്ന് അധ്യാപകർ വെസ്റ്റ് പൊലീസിന് മൊഴി നൽകി. ഇതോടെ 250 രൂപ ഫൈൻ ഈടാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. എന്നാൽ ഫോൺ തിരികെ നൽകാൻ അധ്യാപകർ തയ്യാറായിരുന്നില്ലന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടിൽ വച്ച് ജിഷ്ണു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒൻപത് മണിയോടെ മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസെടുത്തു.
പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വല്യാട് എസ്എൻഡിപി ശാഖാ ശ്മശാനത്തിൽ. സഹോദരൻ വിഷ്ണു.