
തിരക്കിനിടയിൽ ആദ്യം അയാള്‍ പിൻഭാഗത്ത് സ്പര്‍ശിച്ചു; പിന്നെ ശക്തമായി പിടിച്ചു; അയാളുടെ നഖം ആഴ്ന്നിറങ്ങുന്നതുപോലെ തോന്നി; സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും അത് കാര്യമാക്കിയില്ല: മെട്രോ ട്രെയിനില്‍ വെച്ച് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി…..!
ബംഗളൂരു: തിരക്കേറിയ മെട്രോ ട്രെയിനില്‍ തന്റെ സുഹൃത്തിന് അപരിചിതനായ ഒരു പുരുഷനില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ലൈംഗികാതിക്രമം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവതി.
ബംഗളൂരുവിലെ മെട്രോ ട്രെയിനിനുള്ളിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. നിരവധി പേരാണ് ഇത്തരത്തില്‍ അപമാനം ഏല്‍ക്കേണ്ടിവരുന്നതെന്നും മോശം പ്രവൃത്തികള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എന്താണ് ചെയ്യാനാവുക എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്.
ട്രെയിനുളളിലെ സിസിടി ദൃശ്യങ്ങള്‍ ലഭിക്കാൻ എന്താണ് മാര്‍ഗമെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പോസ്റ്റ് ഇങ്ങനെ:
‘എന്റെ സുഹൃത്ത് പതിവായി ബസിലാണ് കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മെട്രോയില്‍ പോകാൻ തീരുമാനിച്ചു. രാവിലെ 8.50 ഓടെയാണ് അവള്‍ മെട്രോയില്‍ കയറിയത്. ഈ സമയം നല്ല തിരക്കായിരുന്നു.
സാധാരണയിലും കൂടുതല്‍ ആളുകളെ മെട്രോയില്‍ കയറാൻ അനുവദിച്ചിരുന്നു. യാത്രയ്ക്കിടെ എന്റെ സുഹൃത്ത് ആകെ അസ്വസ്ഥയായി. അവളുടെ പിന്നില്‍ നിന്ന ചുവന്ന ഷര്‍ട്ടിട്ട വ്യക്തി ട്രെയിനിലെ തിക്കും തിരക്കും മുതലെടുത്ത് പിൻഭാഗത്ത് സ്പര്‍ശിക്കുകയും പിടിക്കുകയും ചെയ്യുന്നുവെന്ന് അവള്‍ക്ക് മനസിലായി.
അക്ഷരാര്‍ത്ഥത്തില്‍, അയാളുടെ നഖം പിൻഭാഗത്ത് ആഴ്ന്നിറങ്ങുന്നതുപോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് തുടക്കത്തില്‍ മനസിലായില്ല. കാര്യം മനസിലാക്കി തിരിഞ്ഞുനോക്കിയപ്പോഴേക്കും അയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. സഹായത്തിനായി അവള്‍ നിലവിളിക്കുകയും കരയുകയും ചെയ്തു, പക്ഷേ ആരും അത് കാര്യമാക്കിയില്ല.
ആ അക്രമിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അയാളുടെ കപടമുഖം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനും ഞാൻ തയ്യാറാണ്. അതിന് എന്നെ സഹായിക്കാൻ ആരെങ്കിലുമുണ്ടോ?.ട്രെയിനിലെ സിസിടിവി ക്യമറകള്‍ പ്രവര്‍ത്തിക്കുന്നതാണോ? എങ്കില്‍ ആ ദൃശ്യങ്ങള്‍ ലഭിക്കാൻ എന്തുചെയ്യണം? ഇക്കാര്യങ്ങളില്‍ എന്തുചെയ്യാനാവുമെന്ന് അറിയുന്നവര്‍ പറഞ്ഞുതരണം’.