
തിരുവനന്തപുരം: ഓണകാലത്ത് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കടമെടുക്കുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉദ്യോഗസ്ഥര്‍ ലോകം ചുറ്റാന്‍ ഇറങ്ങുന്നത്. ഓഗസ്റ്റ് 25-നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.
ഖജനാവ് കാലിയായതോടെ, ഓണത്തിനു ശമ്പളവും പെന്‍ഷനും നല്‍കാനായി മാത്രം മൂവായിരം കോടിരൂപയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്. എന്നാല്‍, സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ വലയുമ്പോഴും, ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശ പര്യടനത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിദേശയാത്രകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. തായ്ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, റഷ്യ എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ രാജ്യാന്തര ട്രേഡ് ഫെയറുകളിലും ബി2ബി മീറ്റുകളിലും ടൂറിസം സെക്രട്ടറി, ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, മാധ്യമങ്ങള്‍ എന്നിവരുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് യാത്രാനുമതിയുടെ ലക്ഷ്യമായി ഉത്തരവില്‍ പറയുന്നത്.
അതേസമയം, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുടുംബത്തോടൊപ്പം ബാങ്കോക്കിലാണ്. പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ’ ‘ഗോള്‍ഡ് അവാര്‍ഡ്’ സ്വീകരിക്കാനാണ് മന്ത്രി ബാങ്കോക്കിലെത്തിയിരിക്കുന്നത്. യാത്രാവിശേഷങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ സര്‍ക്കാര്‍ ധൂര്‍ത്താണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
ഖജനാവ് കാലിയായതോടെ ഓണശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി 3000 കോടിരൂപ കടമെടുക്കുന്നത് ഈൗ മാസത്തെ മൂന്നാമത്തെയാണ്. ഓഗസ്റ്റ്് ഒന്നിന് 1000 കോടിരൂപ, 19 ന് 2000 കോടിരൂപ, 3000 കോടിരൂപ എന്നിങ്ങനെയാണ് ഈ മാസത്തെ കടമെടുപ്പ് കണക്കുകള്‍.
ഓഗസ്റ്റില്‍ മാത്രം 6000 കോടിരൂപ കടമെടുത്തു. 26 ന് 3000 കോടിരൂപ കടമെടുത്തതോടെ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 23000 കോടി രൂപയായി. ഏപ്രില്‍ 3000 കോടിരൂപ, മെയ് 4000 കോടിരൂപ, ജൂണ്‍ 5000 കോടിരൂപ, ജൂലൈ 5000 കോടിരൂപ, ഓഗസ്റ്റ് 6000 കോടിരൂപ എന്നിങ്ങനെയാണ് ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പുകള്‍.
ഡിസംബര്‍ വരെ 29529 കോടിരൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 23000 കോടി രൂപയും കടമെടുത്തതോടെ ഡിസംബര്‍ വരെ കടമെടുക്കാന്‍ ശേഷിക്കുന്നത് 6529 കോടി രൂപ മാത്രമാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ നാലുമാസങ്ങള്‍ കടക്കാന്‍ കടമെടുക്കാന്‍ മുന്നില്‍ ഉള്ളത് 6529 കോടിരൂപ മാത്രമാണ്.
കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങാനാണ് സാധ്യത. ഖജനാവ് കാലിയായതോടെ കടുത്ത ട്രഷറി നിയന്ത്രണം ഈ മാസം 19 മുതല്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേല്‍ തുകയുടെ ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.