മന്ത്രികുമാരൻമാർ സർക്കാരിനെ കുടുക്കിലാക്കുന്നു: കൊടിയേരി പുത്രനും ജലീലിനും പിന്നാലെ ജയരാജന്റെ കുടുംബവും വിവാദത്തിൽ; ജയരാജന്റെ ഭാര്യയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും

തേർഡ് ഐ ബ്യൂറോ

കൊച്ചി: മന്ത്രി കുമാരന്മാരും കുടുംബവും ചേർന്നു പിണറായി സർക്കാരിനെ കുടുക്കിലാകുന്നു. മന്ത്രി കെ.ടി ജലീൽ സ്വർണ്ണക്കടത്ത് കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതിനു പിന്നാലെ മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും. മന്ത്രി ജയരാജന്റെ മകൻ തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനു വേണ്ടി പാർട്ടി നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇത് അടക്കം പുറത്തു വന്ന വിവരങ്ങളാണ് ഇപ്പോൾ സർക്കാരിനെ പിടിച്ചു കുലുക്കിയിരിക്കുന്നത്.

വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റീൻ ലംഘിച്ചു കേരളാ ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയത് വിവാദത്തിലായിരുന്നു. പി കെ ഇന്ദിര ക്വാറന്റീൻ ലംഘനം നടത്തിയത് ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു.

ഇതേ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ച ആളാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേർ ക്വാറന്റീനിൽ പോകേണ്ടിവരികയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാർ ചൂണ്ടിക്കാട്ടിയെന്നുമാണ് മനോരമ റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്നാണ് ഗോൾഡ് അപ്രൈസർ ക്വാറന്റീനിൽ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കർ തുറക്കാൻ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനിൽ പോകേണ്ടി വന്നു.

ക്വാറന്റീൻ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കർ രജിസ്റ്ററിൽ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറിൽ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കിൽ വെളിപ്പെടുത്തേണ്ടതില്ല. പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി അടിയന്തരമായി ലോക്കർ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.

ബാങ്കിലെ 4 ലോക്കറുകളുടെ താക്കോൽ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ടന്നും മനോരമ വാർത്തയിൽ പറയുന്നു. ആർക്കും കൈമാറാത്ത ലോക്കറുകളുടെ താക്കോൽ നഷ്ടപ്പെട്ടതായി മുൻപ് ജില്ലാ ബാങ്ക് മാനേജർ, ജനറൽ മാനേജർക്കു റിപ്പോർട്ട് നൽകിയിരുന്നു. താക്കോൽ കാണാതായാൽ നിയമപരമായി ലോക്കർ ബ്രേക്ക്ഓപ്പൺ ചെയ്തു പുതിയ താക്കോൽ നിർമ്മിക്കണമെന്നാണു നിയമം. എന്നാൽ ഇതുവരെ ബാങ്ക് അധികൃതർ നടപടിയെടുത്തിട്ടില്ല.

അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്ബിൽ രംഗത്തുവന്നിട്ടുണ്ട്. നിരീക്ഷണത്തിൽ ഇരിക്കെ ഇ പി ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് എടുത്തു മാറ്റിയത് എന്താണെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് യൂണിടെകിന് നിർമ്മാണ കരാർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാൻ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മന്ത്രി പുത്രൻ ഇ പി ജയരാജന്റെ മകൻ ജയ്സൺ ആണെന്ന് ആദ്യം ആരോപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.

ഓരോ മണിക്കൂറിലും ഈ സർക്കാരിന്റെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഷാഫി സർക്കാർ പിരിച്ച് വിടണമെന്നും കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായെന്നും പറഞ്ഞു. പാവങ്ങൾക്ക് വീട് ഉണ്ടാക്കാനല്ല സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാൻ കിട്ടുമോ എന്ന അന്വേഷണമായിരുന്നുവെന്ന് യുവ കോൺഗ്രസ് നേതാവ് ആക്ഷേപിച്ചു. പാർട്ടിക്ക് സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്ബനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച ഷാഫി പറമ്ബിൽ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് അവകാശപ്പെട്ടു. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണെന്നാണ് കോൺഗ്രസ് ആരോപണം. കൊള്ള സംഘങ്ങളുടെ അവൈലബിൾ പോളിറ്റ് ബ്യുറോ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്, പതിവ് പോലെ മടിയിൽ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഷാഫി പ്രസംഗത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്‌സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്‌സ് ഉൾപ്പെടെയുള്ള കമ്ബനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.

സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.