പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.

പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.

ബാലചന്ദ്രൻ

എറണാകുളം: കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (56)നെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം തന്റെ ജോലി പോയെന്നും, രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിടാനുള്ള കാരണം. ഇയാളെ ഇന്ന് രാവിലെ അബുദാബിയിലേയ്ക്ക് മാറ്റി. മാസം എണ്ണായിരം ദിർഹത്തോളം ശമ്പളം വാങ്ങിക്കുന്നയാളാണ് കൃഷ്ണകുമാർ നായർ.
ആർ.എസ്.എസുകാരനാണ് താനെന്ന് വീഡിയോയിൽ സ്വയം വിശേഷിപ്പിച്ച ഇയാൾ, താൻ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങൾ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയിൽ പറഞ്ഞിരുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞു. സംഭവം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് ഇയാൾ മറ്റൊരു വിഡിയോ പോസ്റ്റുചെയ്തു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് മാപ്പു ചോദിക്കുന്നതായാണ് ഈ വിഡിയോയിലുള്ളത്. താൻ ഇപ്പോഴും അടിയുറച്ച ആർ.എസ്.എസുകാരനാണെന്നും ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പറയുന്നു. സി.പി.എംകാരെ ഭയന്ന് ഞാൻ ആർ.എസ്.എസ് അല്ലെന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെ കമ്പനിയിൽ ചെന്നപ്പോഴാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിഞ്ഞത്. എല്ലാ തെറ്റിനും മാപ്പെന്നും ഫെയ്സ്ബുക്ക് വീഡിയോയിൽ കൃഷ്ണകുമാർ നായർ പറയുന്നു.