play-sharp-fill
ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും: മന്ത്രി പി.തിലോത്തമന്‍

ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും: മന്ത്രി പി.തിലോത്തമന്‍

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന പരിപാടികളോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ സഹായ ഉപകരണ വിതരണക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി മേഖലയില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കാനുള്ള വിവിധയിനം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ പഠനം, തൊഴില്‍ പരിശീലനം, ആരോഗ്യം, പുനരധിവാസം എന്നിവ സമൂഹത്തിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടയം സ്വദേശി നേതന്‍ ബാബുവിന് വീല്‍ ചെയറും മൂലേടം സ്വദേശി കെ.ജെ ചാക്കോയ്ക്ക് ക്രച്ചസും വിതരണം ചെയ്തു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്വയം കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തിയില്ലാത്ത ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്കുള്ള ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ഭിന്നശേഷിക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായ അനുയാത്രയുടെ ഭാഗമായാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെ 22 തരം ഭിന്നശേഷിക്കാരെയാണ് സംസ്ഥാനത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അനുയാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.നാഗമ്പടം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ രാവിലെ 9 മുതല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഓരോ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. അളവെടുത്ത് നിര്‍മ്മിച്ച് നല്‍കേണ്ട ഉപകരണങ്ങള്‍ ഒഴിച്ചുള്ളവ  ക്യാമ്പില്‍ തന്നെ വിതരണം ചെയ്തു. ഓര്‍ത്തോ വിഭാഗത്തില്‍ 50 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 15 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് അളവെടുത്ത് രണ്ടാഴ്ചയ്ക്കകം സഹായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. ഇ.എന്‍.റ്റി വിഭാഗത്തില്‍ 52 പേര്‍ക്ക് കേള്‍വി ഉപകരണങ്ങള്‍ വിതരണം ചെയ്തു. മാനസിക വൈകല്യമുള്ള 15 പേരു ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം മോഹന്‍ദാസ്, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എംഡി കെ.മൊയ്തീന്‍ കുട്ടി, സാമൂഹ്യ സുരക്ഷ മിഷന്‍ സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നസീം മേടയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.