മന്ത്രി കെ.ടി ജലീലിന്റെ രാജി: കോട്ടയത്തും തിങ്കളാഴ്ച പ്രതിഷേധ വേലിയേറ്റം; എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും സമരങ്ങൾ ഇന്ന് കോട്ടയത്ത്
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ വേലിയേറ്റങ്ങൾക്കു കോട്ടയവും ഇന്നു സാക്ഷിയാകും. രാവിലെ കളക്ടറേറ്റിലേയ്ക്കു എം.എസ്.എഫിന്റെ നേതൃത്വത്തിൽ പ്രകടനം നടക്കും. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുക്കും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി പരിപാടികൾ ഉദ്ഘാടനം ചെയ്യും.
കെ.എസ്.യു നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ഏകദിന സത്യാഗ്രഹവുമാണ് നടക്കുന്നത്. രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമരപരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പി അടക്കമുള്ള നിരവധി സംഘടനകളാണ് ജില്ലയിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തിൽ തുടർച്ചയായി കോട്ടയത്ത് സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. യൂവ മോർച്ചയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിക്കുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തിയിരുന്നു.