
കോതമംഗലം : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സമ്മതിച്ചില്ല.
യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പോലീസിനെ വളഞ്ഞു. മന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തണം എന്നാണ് ആവശ്യം. നിലവില്‍ റോഡില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായിട്ടാണ് പ്രതിഷേധം.
പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡില്‍ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു.മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കള്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇന്ദിര രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.