video
play-sharp-fill
കൊവിഡ് പോസിറ്റിവിറ്റി കൂടിയ മേഖലകളിൽ വാർഡുതല സമിതികൾ സജീവമായി ഇടപെടണം: മന്ത്രി വി.എൻ വാസവൻ

കൊവിഡ് പോസിറ്റിവിറ്റി കൂടിയ മേഖലകളിൽ വാർഡുതല സമിതികൾ സജീവമായി ഇടപെടണം: മന്ത്രി വി.എൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കൊവിഡ് വ്യാപന തോത് ഉയർന്നുനിൽക്കുന്ന മേഖലകളിൽ വാർഡ് തല ജാഗ്രതാ സമിതികളുടെ സജീവ ഇടപെടൽ ഉറപ്പാക്കണമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചു. കാലവർഷ ദുരന്തനിവാരണ മുന്നൊരുക്കവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ ദിനപ്രതി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പൊതുവേ കുറയുന്നുണ്ടെങ്കിലും ചില മേഖലകളിൽ വ്യാപനം കുടൂകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്നു. പോസിറ്റിവിറ്റി ഗണ്യമായി കുറഞ്ഞ ചില മേഖലകളിൽ വീണ്ടും ഉയരുന്നുമുണ്ട്. രോഗികളുടെ ഐസൊലേഷനും ഹോം ക്വാറന്റയിനും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സ്ഥലങ്ങളിലെല്ലാം വാർഡ് തല സമിതികൾ കൂടുതൽ ജാഗ്രത പുലർത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് തല സമിതികൾ ഊർജ്ജിതമായി പ്രവർത്തിക്കുന്ന മേഖലകളിലെല്ലാം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നുണ്ട്. കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവർ ഫലം വരുന്നതിനു മുൻപു തന്നെ പൊതുജനങ്ങളുമായി ഇടപഴകുന്നില്ലെന്നും രോഗികളും ക്വാറന്റയിനിൽ കഴിയുന്നവരും മുൻകരുതലുകൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. വീടുകളിൽ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് താമസിക്കാൻ സൗകര്യമില്ലാത്തവരെ ഡോമിസിലിയറി സെന്ററുകളിലേക്ക് മാറ്റണം. വീടുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകണം.

കൊവിഡ് പരിശോധനാ കിറ്റുകൾ വാങ്ങുന്നതിനും ജനസംഖ്യാ അനുപാതത്തിൽ പരിശോധന നടത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ തദ്ദേശ സ്ഥാപന മേഖലയിലും കൂടുതൽ ഫലപ്രദമായ രീതിയിൽ പരിശോധന നടത്താനാകും.

തദ്ദേശ സ്ഥാപന മേഖലയിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും കൊവിഡ് പരിശോധന നടത്തുന്നത് കൃത്യസമയത്ത് ഇടപെടുന്നതിനും രോഗവ്യാപനം തടയുന്നതിനും ഉപകരിക്കും. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവർ എല്ലാവരും വാക്സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ശ്രദ്ധയുണ്ടാകണം. വാക്സിനേഷനുമായി ബന്ധപ്പെട്ട് അവർക്ക് ആശങ്കകളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അത് പരിഹരിക്കുകയും വേണം.

ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണ നൽകണം. മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന സാഹചര്യത്തിൽ അവിടെ കൊവിഡ് പ്രതിരോധ മുൻകരുതൽ പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

കൊവിഡിനെതിരായ പോരാട്ടത്തിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുവരെ വഹിച്ച പങ്ക് നിർണായകമാണ്. തുടർന്നും ജാഗ്രതയിൽ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. ചെറുപ്പക്കാർ പോലും കൊവിഡ് ബാധിച്ച് മരിക്കുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധപുലർത്തണം-മന്ത്രി പറഞ്ഞു.

ജില്ലയിലെ നിലവിലെ സാഹചര്യം ജില്ലാ കളക്ടർ എം. അഞ്ജന യോഗത്തിൽ വിശദമാക്കി. രോഗവ്യാപനം ഉയർന്നു നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ അതത് മേഖലകളിലെ സ്ഥിതിഗതികൾ വിവരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം ആശ സി.ഏബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, ഇൻസിഡന്റ് കമാൻഡർമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു,