സര്‍ക്കാര്‍ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയില്‍ ഇനി മിമിക്രിയും; നിയമാവലിയില്‍ വരുത്തിയ ഭേദഗതി അംഗീകരിച്ചു

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയില്‍ ഇടം നേടി മിമിക്രി.

കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതിക്കാണ് സര്‍ക്കാര്‍ അംഗീകാരം.

മിമിക്രി കലാകാരന്മാരുടെ പത്ത് വര്‍ഷമായുള്ള ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച്‌ മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്. ഇതോടെ മിമിക്രി കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാതിനിധ്യം കിട്ടും.

മറ്റു കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്‍ക്കും പരിഗണന കിട്ടും. വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി അക്കാദമിയുടെ നിയമാവലിയില്‍ ചേര്‍ത്തത്.