play-sharp-fill
വെള്ളയായി കാണുന്നതെല്ലാം പാലല്ല: പാലിലും സമ്പൂർണ മായം: പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത് 12000 ലീറ്റർ പാൽ

വെള്ളയായി കാണുന്നതെല്ലാം പാലല്ല: പാലിലും സമ്പൂർണ മായം: പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത് 12000 ലീറ്റർ പാൽ

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളയായി കാണുന്നതെല്ലാം പാലല്ലെന്ന് വീണ്ടും തെളിയിച്ച് പാലിന്റെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്. തമിഴ്‌നാട്ടിൽ നിന്നും മായം കലർത്തി എത്തിച്ച 12000 ലിറ്റർ പാലാണ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പാൽ പിടിച്ചെടുത്തത്. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടു വന്ന പാലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.
കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്‌സ് എന്ന രാസവസ്തുവാണ് പാലിൽ ചേർക്കുന്നത്. പാലിൽ മാൽ ടോക്‌സ് ചേർക്കുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്. കേരളത്തിലേയ്ക്ക് വൻ തോതിൽ ഇത്തരത്തിൽ വ്യാജ പാൽ വരുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അര ലിറ്റർ പാലിൽ മാൽ ടോക്‌സും വെള്ളവും ചേർത്താൽ കൊഴുപ്പ് ഇരട്ടിയായി വർധിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് വൻ തോതിൽ മാൽ ടോക്‌സ് പാലിൽ ചേർക്കുന്നത്. മാൽടോക്‌സ് ചേർക്കുന്നതോടെ പാലിലെ കൊഴുപ്പിന്റെ അംശം അൻപത് ശതമാനം വരെ വർധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ കൊണ്ടു വരുന്ന വ്യാജ പാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാൽ പിടിച്ചെടുത്ത കമ്പനിയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.