video
play-sharp-fill
മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിലേക്കെന്ന് സൂചന, സൈനികനെ കൈവച്ച പൊലീസുകാർ പെടാപ്പാട് പെടും;വരാൻ  പോകുന്നത് കേരളം പൊലീസിന് എക്കാലവും സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാനക്കേട്.അങ്കലാപ്പിൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ…

മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിലേക്കെന്ന് സൂചന, സൈനികനെ കൈവച്ച പൊലീസുകാർ പെടാപ്പാട് പെടും;വരാൻ പോകുന്നത് കേരളം പൊലീസിന് എക്കാലവും സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാനക്കേട്.അങ്കലാപ്പിൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ…

ജനമൈത്രി പോലീസ് സ്റ്റേഷൻ…ഇങ്ങനെ എഴുതിയ വലിയ ബോർഡ് കേരളത്തിലെ ഒട്ടു മിക്ക പോലീസ് സ്റ്റേഷനുകളിലും തൂക്കിയിട്ടുണ്ട്,എന്നാൽ ഈ ബോർഡ് കണ്ട് കയറിച്ചെല്ലാൻ ഒരു സാധാരണക്കാരൻ ഇന്ന് രണ്ടുവട്ടം ആലോചിക്കും. ഏതെങ്കിലും കേസിൽ ഉൾപ്പെട്ട് സ്റ്റേഷനിലെത്തിയാൽ പൊലീസിന്റെ കൈക്കരുത്തറിയാതെ പുറത്തുവന്നാൽ ഭാഗ്യമെന്ന് കരുതിയാൽമതി. എല്ലാ സ്റ്റേഷനും എല്ലാ പൊലീസുകാരും ഇത്തരക്കാരാണെന്ന് ഇതിനർത്ഥമില്ല. പക്ഷെ ഒരുവിഭാഗം പൊലീസുകാരെങ്കിലും കാട്ടാളന്മാരെപ്പോലെയോ അതിനുമപ്പുറമോ കുഴപ്പക്കാരായി മാറിയിരിക്കുന്നു. ഒരു കേസിലുംപെടാത്ത ഒരു സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് ഏറ്റുവാങ്ങിയ അതിക്രൂരമായ മർദ്ദനം ഇതിൽ ഒടുവിലത്തെ സംഭവമാണ്. സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും ചർ‌ച്ചയായ സംഭവം പൊലീസ് സേനയ്ക്ക് ചെറിയ മാനക്കേടല്ല ഉണ്ടാക്കിയിരിക്കുന്നത്. കരിക്കോട് പേരൂർ ‘ഇന്ദീവര’ത്തിൽ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സെപ്തംബർ 25 ന് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയും തുടർന്ന് പൊലീസിനെ ആക്രമിച്ചതായി കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുകയും ചെയ്ത സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ഏതെങ്കിലും കേസിൽ ഉൾപ്പെടുകയോ പ്രതിയാകുകയോ ചെയ്യാത്ത നിരപരാധികളായ സഹോദരങ്ങളെ തല്ലി ജീവച്ഛവങ്ങളാക്കിയ പൊലീസിന്റെ കിരാത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ് സസ്പെൻഡ് ചെയ്തെങ്കിലും കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യമാണുയരുന്നത്. സംഭവത്തിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുള്ളതായും പരാതിയുണ്ട്. 12 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തുവന്ന സഹോദരങ്ങൾക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെ വിവരങ്ങളറിഞ്ഞ് കേരളം ഞെട്ടി. ഡി.വൈ.എഫ്.ഐ കുണ്ടറ മേഖലാ ജോ. സെക്രട്ടറി കൂടിയായ വിഘ്നേഷിനെ ‘നീ പിണറായിയുടെ ആളാണോടാ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സൈനികനായ വിഷ്ണുവിനോട് ‘നീ ഇനി ഈ വിരൽ കൊണ്ട് കാഞ്ചി വലിയ്ക്കില്ല’ എന്ന് പറഞ്ഞ് വിരലുകൾ അടിച്ചൊടിച്ചു. ‘നീ ചത്താൽ നിന്റെ ശവത്തിൽ ഒരു റീത്തും വയ്ക്കും’ എന്നായിരുന്നു അനീഷ് മുഹമ്മദിന്റെ ആക്രോശമെന്ന് ജാമ്യത്തിലിറങ്ങിയ വിഘ്നേഷും വിഷ്ണുവും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ട് മക്കളുടെയും ദേഹത്തെ മർദ്ദനമേറ്റ പരിക്കുകൾ കണ്ട് മാതാവ് സലിലകുമാരിക്ക് സങ്കടം അടക്കാനായില്ല. കിളികൊല്ലൂരിലേതിന് സമാനമല്ലെങ്കിലും സമീപ ദിവസങ്ങളിൽ കോതമംഗലത്ത് എസ്.എഫ്.ഐ പ്രവർത്തകനോടും മഞ്ചേരിയിൽ യുവതിയോടും പൊലീസ് കാട്ടിയ ക്രൂരതകളും ചർച്ചയായി. എന്നിട്ടും ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
സൈനികനെ തല്ലിച്ചതച്ച കേസ് സൈന്യം വളരെ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സൈനികന്റെ കുടുംബവും വിമുക്തഭടന്മാരുടെ സംഘടനകളും പരാതി നൽകിയിട്ടുണ്ട്. അതിനാൽ ഈ കേസ് കേന്ദ്രഏജൻസികൾ ഏറ്റെടുക്കാനുള്ള സാദ്ധ്യതയാണുള്ളത്. പൊലീസുകാർക്കെതിരെ മിലിട്ടറി ഇന്റലിജൻസ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നതായും സൂചനയുണ്ട്. എസ്.ഐ അനീഷ് മുഹമ്മദിന് നിരോധിത സംഘടനയുമായുള്ള ബന്ധം കൂടി പുറത്തായതോടെ എൻ.ഐ.എ അന്വേഷണവും ഉണ്ടായേക്കുമെന്നാണ് സൂചന. ചുരുക്കം ചിലർ ചെയ്യുന്ന കരാളകൃത്യങ്ങൾക്ക് മുഴുവൻ സേനയും പ്രതിക്കൂട്ടിലാകേണ്ടി വരുന്നതിൽ സേനയിൽ കടുത്ത അമർഷമാണുയരുന്നത്. ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ കാലത്ത് ക്രിമിനൽ പശ്ചാത്തലമുള്ള 70 പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചു വിട്ടിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും കടുത്ത ജോലിഭാരവും പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന പരാതിയും അവർ ഉയർത്തുന്നു. അടുത്തിടെ പാലക്കാട് നിന്ന് ഒരു വനിതാ സി.ഐയെ കാണാതായ സംഭവം ഇതിനുദാഹരണമാണ്. ഇവരെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയപ്പോൾ അവർ പറഞ്ഞതും മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാൻ കഴിയുന്നില്ലെന്നാണ്.
മൂന്ന് കുറ്റകൃത്യങ്ങളിലൊഴികെ ഒരു സൈനികനെയോ സൈനിക ഓഫീസറെയോ അറസ്റ്റ് ചെയ്യാൻ ലോക്കൽ പൊലീസിന് ഒരധികാരവും ഇല്ലെന്ന് സി ആർ പി സി നിയമത്തിലെ 45 (1) വകുപ്പ് വ്യക്തമാക്കുന്നു. കൊലപാതകം, മനഃപൂർവമല്ലാത്ത നരഹത്യ, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിൽ ഇര സിവിലിയൻ ആണെങ്കിൽ മാത്രമേ ഒരു സൈനികനെയോ ഓഫീസറെയോ വ്യക്തമായ തെളിവോടെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുള്ളൂ. ഈ കുറ്റകൃത്യങ്ങളിലെ ഇര സേനയിലുള്ളവരാണെങ്കിൽ അതിന്മേൽ കേസെടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും സൈനിക പൊലീസിനും കോടതിക്കും മാത്രമാണ് അധികാരമെന്ന് ആർമി ആക്ട് 70, എയർഫോഴ്സ് ആക്ട് 72, കോസ്റ്റ് ഗാർഡ് ആക്ട് 50 എന്നീ വകുപ്പുകൾ പ്രത്യേകം നിഷ്‌കർഷിക്കുന്നു. ഇതല്ലാത്ത കേസുകളിൽ കോടതി ഉത്തരവുണ്ടായാൽ പോലും കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ ഒരു പട്ടാളക്കാരനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമില്ലെന്ന് സി ആർ പി സി നിയമത്തിലെ197 (2) വകുപ്പ് പ്രകാരം വ്യക്തമാക്കുന്നുണ്ട്. ഈ നിയമം സംബന്ധിച്ച് പൊലീസിലെ ഉന്നതർ പോലും ബോധവാന്മാരല്ലെന്നതാണ് ഗൗരവമേറിയ വസ്തുത.

1985 ഒക്ടോബർ ആറിന് തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് ട്രക്കുകളിൽ തോക്കുകളുമായെത്തിയ ഒരു സംഘം പട്ടാളക്കാർ ഇരച്ചുകയറി സെല്ലിലടച്ചിരുന്ന ഒരു പട്ടാളക്കാരനെ മോചിപ്പിച്ചു കൊണ്ടു പോയ സംഭവമാണ് കിളികൊല്ലൂർ സംഭവത്തിനൊപ്പം ഇപ്പോൾ ചർച്ചയാകുന്നത്. മുക്കുന്നിമലയിൽ പട്ടാളത്തിന്റെ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് നേമം പൊലീസ് പട്ടാള ബാരക്കിൽ കയറിയാണ് ബൊപ്പയ്യയെന്ന സൈനികനെ കസ്റ്റഡിയിലെടുത്തത്. സംഭവം അറിഞ്ഞ് ഓഫീസർമാർ പോലും ഞെട്ടി. അവരുടെ അറിവോടെ അന്ന് രാത്രി 150 ഓളം ആയുധധാരികളായ സൈനികർ നേമം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. അന്ന് കെ.കരുണാകരൻ മുഖ്യമന്ത്രിയും വയലാർരവി ആഭ്യന്തര മന്ത്രിയുമായിരുന്നു. സ്റ്റേഷൻ ആക്രമിച്ച സൈനികരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി കരുണാകരൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ സമീപിച്ചെങ്കിലും രാജീവ് ഗാന്ധി അനുമതി നൽകിയില്ല. ആ സംഭവവുമായി ബന്ധപ്പെട്ട് തുടർ നടപടിയെടുക്കാൻ പൊലീസിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.