കോവിഡ് കാലത്ത് മിലാപിലൂടെ സമാഹരിച്ചത് ഒരു ലക്ഷം; നന്ദി സൂചകമായി സൗജന്യസവാരി വാഗ്ദാനം ചെയ്ത് ശിക്കാര ബോട്ട് ഡ്രൈവര്‍മാര്‍
സ്വന്തം ലേഖകൻ
കൊച്ചി : ലോകത്തെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് 19 സാഹചര്യത്തില്‍ തങ്ങള്‍ക്ക് താങ്ങായ ആളുകള്‍ക്ക് സൗജന്യസവാരി വാഗ്ദാനം ചെയ്ത് ശിക്കാര ബോട്ട് ഡ്രൈവര്‍മാര്‍. എല്ലാ മേഖലകളിലും കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടപ്പോള്‍ ആലപ്പുഴയിലെ ടൂറിസത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മികച്ച സീസണ്‍ പ്രതീക്ഷകളുമായി കാത്തിരുന്ന ശിക്കാര ബോട്ട് ഡ്രൈവര്‍മാര്‍ക്ക് വല്ലാത്ത തിരിച്ചടിയാണ് കോവിഡ് വരുത്തി വെച്ചത്.
കുറച്ച് മാസങ്ങളായി വരുമാനമില്ലാതെ ഏറെ ബുദ്ധിമുട്ടിയ ഇവരെ സഹായിക്കുന്നതിനായി ട്രാവര്‍ ക്യൂറേറ്ററായ ചെറിഷ് എക്‌സ്‌പെന്റിഷന്‍സ് മിലാപില്‍ ഒരു ഫണ്ട് റൈസിംഗ് ക്യാമ്പയിന്‍ ആരംഭിച്ചു. ഒരാഴ്ച്ച കൊണ്ട് 1 ലക്ഷത്തോളം രൂപയാണ് സമാഹരിക്കാനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയില്‍ പങ്കാളിയായ സുസ്ഥേര ഫൗണ്ടേഷന്റെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട 50 ഡ്രൈവര്‍മാര്‍ക്ക് 2000 രൂപ വെച്ച് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചു. ഇതിനുള്ള നന്ദി സൂചകമായി 500 രൂപയ്ക്ക് മുകളില്‍ ധനസഹായം നല്‍കിയവര്‍ക്ക് സൗജന്യയാത്ര നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ഡ്രൈവര്‍മാര്‍.
കോവിഡ് കെടുതിയില്‍ നിന്ന് ടൂറിസം മേഖല ഉണര്‍ന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ക്യാമ്പയിന്‍ സംഘാടകരാണ് മിലാപ് ഫണ്ട് റൈസര്‍ പേജില്‍ ധനസമാഹരണത്തില്‍ പങ്കാളികളായ എല്ലാവരെയും ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. 500 രൂപയിലധികം പണം നല്‍കിയവര്‍ക്ക് ഇപ്പോള്‍ മുതല്‍ ശിക്കാരയില്‍ യാത്ര അനുവദിക്കുന്നതാണ്.
പണം നല്‍കിയ ഓരോരുത്തരോടും വളരെയധികം നന്ദിയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് നിരവധി ചെറുകിട വ്യവസായ സംരംഭങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യങ്ങളില്‍ മിലാപ്പിലൂടെ പണം സ്വരൂപിച്ചിരുന്നു. മിലാപ് പോലുള്ള സംഘടിത ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കേരളത്തില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്