
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എം.ജി.യു.ഐ.എഫ്.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിഗ് ഐഡിയ കോമ്പറ്റിഷൻ 2025 ൽ വിജയികളിൽ ഒരാളായി സി.എം.എസ് കോളേജിലെ യുവ ഗവേഷകയായ സി. രാജലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു.
“നിർമിത ബുദ്ധി(എഐ)യുടെ സഹായത്തോടെ കാറ്റലിസിസ് പ്രക്രിയകൾ മെച്ചപ്പെടുത്തുന്ന ഇന്റലിജന്റ് സോഫ്റ്റ്വെയർ” (“CatAI: An Intelligent Software for Optimizing Chemical Catalysis Using Machine Learning Methods”)എന്ന ആശയമാണ് യുവ ഗവേഷകയായ സി. രാജലക്ഷ്മിയെ അവാർഡിന് അർഹയാക്കിയത്.
രാജലക്ഷ്മി സി.എം.എസ്. കോളേജിലെ രസതന്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ ഐപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിലെ അംഗമാണ്. കംപ്യൂട്ടേഷണൽ കെമിസ്ട്രിയിലും ഡാറ്റാ സയൻസിലും പ്രാവീണ്യമുള്ള വിപിൻ ഐപ്പ് തോമസ് ഈ സംരംഭത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഈ മത്സരം, പുതുമയുള്ള ആശയങ്ങൾക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമിട്ടത്.
രാസപ്രവർത്തനങ്ങളിൽ നിർണായകമായ കാറ്റലിസ്റ്റുകളുടെ കണ്ടെത്തൽ പ്രക്രിയ ലളിതമാക്കാനും ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ‘CatAI’ എന്ന സോഫ്റ്റ്വെയർ സംരംഭം. നിർമിത ബുദ്ധിയുടെ സഹായത്തോടെ കൃത്യതയുള്ള കാറ്റലിക്ക് പ്രക്രിയകൾ പ്രവചിക്കുന്നതിലൂടെ, പരമ്പരാഗതമായ പരീക്ഷണ രീതിക്ക് പകരമായ പരിഹാരമാവുകയാണ് ഈ സംരംഭം. ഇതുവഴി സമയം, ചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും കഴിയും.
പുതുമ, സാധ്യതകളുള്ള സാമൂഹിക-വ്യവസായിക സ്വാധീനം, സംരംഭകത്വ സാധ്യത എന്നിവ മുൻനിർത്തിയാണ് തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.ആശയത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും സംരംഭം വിപുലീകരിക്കാനുമായി ₹2,00,000 രൂപയുടെ ഇൻറൊവേഷൻ ഗ്രാന്റ് ഇതിനൊപ്പം നൽകപ്പെടും.
“CatAI സോഫ്റ്റ്വെയറിലേയ്ക്ക് മാത്രം ചുരുങ്ങുന്നൊരു ആശയമല്ല, ഇത് ഗ്രീൻ കെമിസ്ട്രിയിലേക്കും സ്മാർട്ട് രാസപദ്ധതികളിലേക്കും കടക്കുന്ന ഒരു വലിയ ചുവടുവയ്പാണ്. ഈ നേട്ടത്തിനായി സി.എം.എസ് കോളജിനും എന്റെ ഗവേഷണ സംഘത്തിനും ഞാൻ ഹൃദയപൂർവ്വം നന്ദിയറിയിക്കുന്നുവെന്ന് രാജലക്ഷ്മി പറഞ്ഞു.
“മികച്ച കൃത്യതയും, നവീനതയുമുള്ള രാജലക്ഷ്മിയുടെ പ്രവൃത്തികൾ, മെഷീൻ ലേണിംഗും രാസശാസ്ത്രവും ചേർന്ന് യഥാർത്ഥ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഭാവിയിലേക്കുള്ള ദിശയാണ്. ഈ സംരംഭത്തിൽ ഭാഗമാകുന്നത് അഭിമാനകരമാണെന്ന്” ഡോ. വിപിൻ ഐപ്പ് തോമസ് കൂട്ടിച്ചേർത്തു.
സി.എം.എസ്. കോളേജ് സമൂഹം ഈ നേട്ടം അഭിമാനത്തോടെയാണ് ആഘോഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിലെ ഇന്റർഡിസ്സിപ്ലിനറി (അന്തർവിഷയ) ഗവേഷണത്തിന്റെയും സംരംഭങ്ങളുടെയും ശക്തി ഈ നേട്ടം വ്യക്തമാക്കുന്നു.