video
play-sharp-fill
എം.ജി സർവകലാശാലയ്ക്കു പിന്നാലെ കേരളയിലെയും മാർക്ക് ദാനവിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാല് ജീവനക്കാർക്ക് സ്ഥലം മാറ്റം

എം.ജി സർവകലാശാലയ്ക്കു പിന്നാലെ കേരളയിലെയും മാർക്ക് ദാനവിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാല് ജീവനക്കാർക്ക് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ അഴിമതിയുടെ കൂത്തരങ്ങാകുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കേരള സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിനു പിന്നാലെ പുറത്തു വന്ന തെളിവുകൾ സർവകലാശാലയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതായിരുന്നു.
സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതിനു പിന്നാലെ വന്ന വിവാദങ്ങൾ സർവകലാശാലയുടെ അന്തസ് ഇടിക്കുന്നതായിരുന്നു.
ഇതിനു പിന്നാലെ എം.ജി സർവകലാശാലയിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിലാക്കി മാർക്ക് ദാന വിവാദം എത്തി.
തുടർന്നാണ് ഇപ്പോൾ കേരളയിലും മാർക്ക്ദാന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്.
മാർക്ക് വാരിക്കോരി നൽകി കൂട്ടത്തോടെ ജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് കത്ത് നൽകി.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.
അതിനിടെ, മാർക്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ ഇന്നലെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഡെപ്യൂട്ടി രജിസ്റ്റാർക്കും സെക്ഷൻ ഓഫീസർമാർക്കുമെതിരെയാണ്
നടപടിയുണ്ടായത്.
അന്വേഷണം നടക്കുന്നതോടെ കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന.
മാർക്ക് തട്ടിപ്പ് നടന്ന സെക്ഷനുകളുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ എസ്.സുശീല, ഇ.എസ്.ഐ.വി സെക്ഷൻ ഓഫീസർ വി.വിനോദ്, സെക്ഷൻ ഓഫീസർമാരായ ബാലാജി, സ്വാഗത് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഇതേ സെക്ഷനിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആർ. രേണുകയെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്.
പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണ ശേഷം പൊലീസിൽ പരാതിപ്പെടാനാണ് സർവകലാശാല ആദ്യം തീരുമാനിച്ചത്.
എന്നാൽ രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ സർക്കാർ കടുത്ത നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.
പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി 22 ന് ചേരുന്ന സിൻഡിക്കേറ്റിന് മുൻപിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച സമിതി ആദ്യ സിറ്റിംഗ് നടത്തും. പരീക്ഷാ കൺട്രോളർ, കമ്ബ്യൂട്ടർ സെന്റർ ഡയറക്ടർ എന്നിവരിൽ നിന്നെല്ലാം തെളിവെടുക്കും.
2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. സർവകലാശാല തീരുമാനിച്ച മോഡറേഷൻ മാർക്കിനു പുറമേ 132 മാർക്ക് വരെ കൂട്ടിനൽകി ജയിപ്പിക്കുകയായിരുന്നു. സർവകലാശാലയുടെ സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തുകയായിരുന്നു.