എം.ജി റോഡിലെ വെള്ളാറ കൺസ്ട്രക്ഷന്റെ ലോറിയിൽ നിന്നും മോഷണം; മോഷ്ടിച്ചത് അരലക്ഷം രൂപയുടെ സാധനങ്ങൾ; രണ്ടു പ്രതികൾ പൊലീസ് പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം : കോടിമത എം.ജി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും അര ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.
ശാന്തിഗിരി ഗുരു ശ്രീ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ജില്ലയിൽ ആര്യനാട് വില്ലേജിൽ കാഞ്ഞിരത്തിൻ മൂട് ഭാഗത്ത് ദ്വാരകയിൽ എം.ആർ വിനു (39) , തൃശൂർ മണലിത്തറ കൈപ്പറമ്പിൽ പൗലോസ് മകൻ കെ.പി പ്രിൻസ് (38) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പിടികൂടിയത്.
കഴിഞ്ഞ 22 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത എം ജി റോഡിലും എം സി റോഡരികിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നതായി ജില്ല പൊലീസ് മേധാവി ജി.ജയദേവിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് 22 ന് എം.ജി റോഡരികിൽ നിർത്തിയിട്ടിരുന്ന വെള്ളാറ കൺസ്ട്രക്ഷൻസിന്റെ രണ്ട് ലോറിയിൽ നിന്നും ലോറിയുടെ, പടുത സ്പീഡോമീറ്റർ, ഡ്രൈവർ സീറ്റ് എന്നിവ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു. തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത് , പ്രൊബേഷൻ എസ്.ഐ ആഖിൽ ദേവ്, ഗ്രേഡ് എസ്.ഐ നാരായണൻ ഉണ്ണി , എ.എസ്.ഐമാരായ ബിജു കുര്യാക്കോസ് , പി.എൻ മനോജ് , സി.പി.ഒ വിജയ് ശങ്കർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ഷമീം എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.