
അപ്പിയറൻസ് ഫീസായി നൽകാനുള്ള ഫണ്ട് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു ; മെസിയും അർജന്റീനയും കേരളത്തിൽ കളിക്കില്ല? അർജന്റീന ഫുട്ബോൾ ടീമിന്റെ വരവ് അനിശ്ചിതത്വത്തിൽ
കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീമിന്റെ വരവ് അനിശ്ചിതത്വത്തിൽ. സൂപ്പർ താരം ലയണൽ മെസിയടക്കമുള്ളവരുടെ കളി നേരിൽ കാണാമെന്ന ആരാധകരുടെ മോഹത്തിനാണ് കരിനിഴൽ വീണിരിക്കുന്നത്. അപ്പിയറൻസ് ഫീസായി നൽകാനുള്ള ഫണ്ട് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാണ് അനിശ്ചിതത്വത്തിനു കാരണം.
ഈ വർഷം ഒക്ടോബറിൽ ടീം ഇന്ത്യയിലെത്തി കേരളത്തിലേക്ക് കളിക്കാൻ വരുമെന്നും അതിന്റെ പ്രഖ്യാപനം അർജന്റീന ടീം ഔദ്യോഗികമായി നടത്തുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈയടുത്തു അർജന്റീന ടീമുമായി അടുത്തു നിൽക്കുന്ന മാധ്യമ പ്രവർത്തകൻ ഗാസ്റ്റൽ എഡുൽ ടീമിന്റെ വരാനിരിക്കുന്ന പോരാട്ടങ്ങളുടെ ഷെഡ്യൂൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. സ്ഥിരീകരിക്കാത്ത പട്ടികയാണ് അന്ന് അദ്ദേഹം പങ്കിട്ടത്.
ഇന്ത്യയിലേക്ക് വരുമെന്നു പറഞ്ഞ സമയത്ത് അർജന്റീന ടീം ചൈന, അംഗോള, ഖത്തർ രാജ്യങ്ങളിൽ പര്യടനം നടത്തുമെന്നായിരുന്നു പട്ടികയിൽ നിന്നു വ്യക്തമായത്. ഇതോടെ ഇന്ത്യയിലേക്കുള്ള വരവ് സംശയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ഷെഡ്യൂൾ ഏതാണ്ട് ഉറപ്പാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ഒരു പോരാട്ടം കൊച്ചിയിൽ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. മത്സരത്തിനു ആദ്യം സ്പോൺസർമാരാകൻ സന്നദ്ധത അറിയിച്ചത് സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനായിരുന്നു. 100 കോടി രൂപ സ്വരൂപിക്കാനായിരുന്നു അവരുടെ പദ്ധതി. അതിൽ തന്നെ 70 കോടിയോളം രൂപ അപ്പിയറൻസ് ഫീസായി തന്നെ നൽകേണ്ടി വരും. എന്നാൽ ഫണ്ടിങ് വിജയിച്ചില്ല.
പിന്നാലെ സംസ്ഥാന സർക്കാർ വാർത്താ ചാനൽ ഉടമകളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു സ്പോൺസർഷിപ്പ് കൈമാറി. എന്നാൽ ഈ സ്പോൺസർഷിപ്പിലും കാര്യങ്ങൾ വിജയിക്കില്ലെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.
മാർച്ചിൽ ഇന്ത്യയിലും സിംഗപ്പൂരിലുമായി ഫുട്ബോൾ പ്രോത്സാഹിക്കുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത എച്എസ്ബിസി ഇന്ത്യ, ഒക്ടോബറിൽ അർജന്റീന ടീം ഇന്ത്യയിലെത്തുമെന്നു ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്ക്, കേന്ദ്ര കായിക മന്ത്രാലയം എന്നിവയുടെ അനുമതി ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നു സംസ്ഥാന സർക്കാരും സ്ഥിരീകരിച്ചതോടെയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നത്.
എന്നാൽ നിലവിലെ അവസ്ഥ സംബന്ധിച്ചു സ്പോൺസർമാരോടു ചോദിക്കു എന്നാണ് മന്ത്രി പറയുന്നത്. ലോക ചാംപ്യൻമാരുടെ വരവ് സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ തേടുമ്പോൾ എച്എസ്ബിസിക്കും ഉത്തരമില്ല. ഔദ്യോഗിക സ്പോൺസർമാരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല.