
ഫിഫ ദ ബെസ്റ്റ്; ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി മെസി; അലക്‌സിയ പ്യുട്ടിയസ് വനിതാ താരം; ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങൾ തൂത്തുവാരി അര്‍ജന്റീന
സ്വന്തം ലേഖകൻ
പാരീസ്: ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ലയണല്‍ മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം. അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അർഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫയുടെ മികച്ച താരമാകുന്നത്.
കരീം ബെന്‍സമയെയും കിലിയന്‍ എംബപ്പെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. 7–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്.ഖത്തർ ലോകകപ്പിൽ ഫൈനലിലെ 2 ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ നേടിയ മെസ്സി 3 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി.മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും മികച്ച പുരുഷ ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസും (അർജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം തന്നെയാണ്.
മികച്ച വനിതാ ഫുട്‌ബോളറായി സ്പാനിഷ് താരം അലക്‌സിയ പ്യുട്ടിയസ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച വനിതാ ഗോള്‍കീപ്പര്‍ ആയി മേരി ഏര്‍പ്‌സും പരിശീലകയായി സറീന വീഗ്മാനും പുരസ്‌കാര പട്ടികയില്‍ ഇടം നേടി. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഭിന്നശേഷിക്കാരനായ മാര്‍ച്ചിന്‍ ഒലസ്‌കി സ്വന്തമാക്കി.
അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഓര്‍മ്മകള്‍ നിറഞ്ഞ പാരീസിലെ വേദിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.