മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഏഴ് പേർ രക്ഷപ്പെട്ട സംഭവം ; ഒരാൾ കൂടി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തൃശ്ശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ ഏഴ് പേർ രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. രക്ഷപ്പെട്ടവരിൽ ഇനി രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊജിതമാക്കിയിട്ടുണ്ട്. ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപോയ ഏഴുപേരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാൾ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖിൽ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി 7.50 ആണ് ആറ് റിമാൻഡ് തടവുകാർ ഉൽപ്പെടെ ഏഴ് പേർ ജീവനക്കാരെ മർദ്ദിച്ച് ചാടിപ്പോയത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയിൽ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പൊലീസുകാരനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും സംഘം കവർന്നു. പോലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.
അതേ സമയം സംഭവ ദിവസം മാനസികാരോഗ്യ കേന്ദ്രത്തിൽ വലിയ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും ആരോപണമുയർന്നിരുന്നു. പ്രതികൾ രക്ഷപ്പെടുമ്പോൾ ഒരു പോലീസുകാരൻ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ട്.