
കോട്ടയം: ട്രോളിങ് നിരോധനം അവസാനിച്ചിട്ട് നാളുകളായി, വലിയ മീനുകള്‍ ഉള്‍പ്പെടെ വ്യാപകമായി എത്തിത്തുടങ്ങുകയും ചെയ്‌തു, പക്ഷേ വിലയില്‍ കുറവില്ല.
മാത്രമല്ല, മത്തി ഉള്‍പ്പെടെ പല ജനപ്രിയ ഇനങ്ങളുടെയും വില ഉയരുകയും ചെയ്യുന്നത് മീന്‍ പ്രേമികളെ നിരാശയിലാക്കുന്നു. മീനിന്റെ മണമില്ലാതെ ഒരു നേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ നിരവധിയുണ്ടെന്നിരിക്കേയാണ് വില വലിയ പ്രശ്‌നമാകുന്നത്. ചെറുകിട ഹോട്ടലുകളിലെ ഉച്ചയൂണിനെയും മീന്‍ പ്രതിസന്ധി ബാധിക്കുന്നുണ്ട്.
സാധാരണ, ട്രോളിങ്ങ് നിരോധനം അവസാനിക്കുന്നതിനു പിന്നാലെ ചെറു മീനുകള്‍ക്കും ഏതാനും ആഴ്‌ചകള്‍ക്കു ശേഷം വലിയ മീനുകള്‍ക്കും വില കുറയുന്നതായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ട്രോളിങ്ങ് നിരോധന കാലത്ത് ഉയര്‍ന്ന വില അതേ രീതിയില്‍ നില്‍ക്കുകയാണെന്നു വില്‍പ്പനക്കാര്‍ പറയുന്നു. പല ഇനങ്ങളുടെയും വരവ് കുറഞ്ഞത് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മത്തി വിലയിലെ വര്‍ധനയാണ് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.
ശരാശരി മത്തി വില 320 -340 രൂപ വരെയായി. ഈ വില നല്‍കിയാലും മിക്ക കടകളിലും മത്തി കിട്ടാനില്ലാത്ത അവസ്‌ഥയാണ്. ഇത്തവണ കാലവര്‍ഷക്കാലത്ത് തുടര്‍ച്ചയായ മഴയായിരുന്നതിനാല്‍ മത്തി ലഭ്യത ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞെന്നു മാത്രമല്ല, ചെറിയ മത്തി കിട്ടാനേയില്ലെന്നു വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ എത്തിച്ചാണ് ഇപ്പോള്‍ മത്തി പ്രേമികളുടെ ആവശ്യം പരിഹരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം വില 400 രൂപ വരെയെത്തിയിരുന്നുവെങ്കിലും പിന്നീട് മത്തി വില 120-150 രൂപയിലേക്കു വരെ താഴ്‌ന്നിരുന്നു.
സാധാരണ ട്രോളിങ്ങ് നിരോധനത്തിനു പിന്നാലെ ഏറെയെത്തിയിരുന്ന കിളിമീനും ഇത്തവണ കുറവാണ്. നിലവില്‍ ഇടത്തരം കിളിമീനിന്റെ വില 200 -220 രൂപയാണ്. അയല -180, തിരിയാന്‍ -160, ചൂര 180- 200, ഒഴുവല്‍ -140- 160 എന്നിവയാണ് വില കുറവുള്ള മീനുകള്‍. എന്നാല്‍, ഈ മീനുകള്‍ എല്ലാവര്‍ക്കും പ്രിയമല്ല. കറുത്ത ആവോലി ഇപ്പോള്‍ വ്യാപകമായി എത്തുന്നുണ്ടെങ്കിലും ശരാശരി വില 320 -340 രൂപയാണ്.
പീസ് മീന്‍ വില താഴാത്തത് ഹോട്ടലുകളെയും കേറ്ററിങ്ങ് സ്‌ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. ട്രോളിങ്ങ് നിരോധനത്തിനു മുമ്ബ് 380- 400 രൂപയായിരുന്ന തള മീനിന്റെ ഇപ്പോഴത്തെ വില 500- 520 രൂപയാണ്. കേരയുടെ വില 480-500 രൂപയാണ്. മോത പീസിന്റെ വില 550 കടക്കും. മുഴുവനോടെയുള്ള കാളാഞ്ചി വില 550 രൂപയാണ്, പീസാകുമ്ബോള്‍ 800 കടന്നേക്കാം. വറ്റയുടെ പീസ് വിലയും 700 രൂപയ്‌ക്കു മുകളിലായി.
മീന്‍ വില ഉയരുമ്ബോള്‍ പലരും ബദലായി ഉപയോഗിച്ചിരുന്ന ഇറച്ചിക്കോഴി വിലയും കുതിയ്‌ക്കുകയാണ്. രണ്ടാഴ്‌ച മുമ്പ് കിലോയ്‌ക്ക് 115 രൂപയിലേക്ക് താഴ്‌ന്ന കോഴിയിറച്ചി വില ഇപ്പോള്‍ 155 രൂപയിലെത്തി.