video
play-sharp-fill

സിസേറിയന്‍ നടത്തിയത് പൊക്കിള്‍കൊടി പുറത്തുവന്നപ്പോൾ ; ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു; ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കൽ സൂപ്രണ്ട്

സിസേറിയന്‍ നടത്തിയത് പൊക്കിള്‍കൊടി പുറത്തുവന്നപ്പോൾ ; ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു; ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കൽ സൂപ്രണ്ട്

Spread the love

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട് അബ്ദുള്‍ സലാം.

പൊക്കിള്‍ കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന്‍ നടത്തിയത്. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. അമ്മയെ ഉടന്‍ തന്നെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്നതായും, ചികിത്സാപ്പിഴവുണ്ടോയെന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും സൂപ്രണ്ട് പറഞ്ഞു.

അതേസമയം ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപര്‍ണയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രേഖകളില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.

കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് എത്തി ഇവരോട് സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു.

അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞു.