
തിരുവനന്തപുരം : തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യ വിദഗ്ധ സമിതിക്ക് മുന്നിൽ മൊഴി നൽകി.
ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിച്ചു. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി വിപുലീകരിച്ച സമിതിയാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്.
അതേസമയം സുമയ്യ പൊലീസിന് നൽകിയ പരാതി കന്റോൺമെന്റ് എ.സി.പി അന്വേഷിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്റോൺമെന്റ് സി ഐ അയായിരുന്നു നിലവിൽ അന്വേഷിച്ചിരുന്നത്. ചികിത്സ പിഴവുകളെ സംബന്ധിച്ച് ഡിവൈഎസ്പി റാങ്കിലുള്ളവർ അന്വേഷിക്കണമെന്നതിനാലാണ് പരാതി എ.സി.പിക്ക് കൈമാറിയത്.
2023 മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ്‌വയർ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ കുടുങ്ങിയ അവസ്ഥയിലാണ് സുമയ്യ നീതി തേടിയിറങ്ങിയത്. ഇപ്പോൾ ശ്വാസതടസ്സം ഉൾപ്പെടെ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു.ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും സുമയ്യയും കുടുംബവും സന്ദർശിച്ചിരുന്നു.