
മുക്കുപണ്ട കമ്മലില്‍ നിന്ന് അലര്‍ജി; പത്ത് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സ; ഡിസ്ചാര്‍ജിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത് ചികിത്സാ പിഴവെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് ചികിത്സക്കിടെ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കുപണ്ടത്തില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മീനാക്ഷി, ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായാണ് മരണപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ വീണ്ടും എത്തിച്ചെങ്കിലും മീനാക്ഷിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതോടെയാണ് പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തിയത്.
മുക്കുപണ്ട കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മീനാക്ഷി 10 ദിവസത്തോളം ചികിത്സയില്‍ കഴിയുകയും ചെയ്തു.
ഈ മാസം 17 മുതല്‍ ചികിത്സയിലായിരുന്ന മീനാക്ഷിയെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരില്‍ വച്ച് മീനാക്ഷി ഛര്‍ദ്ദിച്ചു.
ഇതോടെ ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.