video
play-sharp-fill
മാധ്യമ ജഡ്ജിമാർ തൂക്കാൻ വിധിക്കുമ്പോൾ: ചാനൽ ചർച്ചകൾ കോടതിമുറികളാകുമ്പോൾ നഷ്ടമാകുന്നത് ആരുടെയൊക്കെ ജീവിതങ്ങൾ

മാധ്യമ ജഡ്ജിമാർ തൂക്കാൻ വിധിക്കുമ്പോൾ: ചാനൽ ചർച്ചകൾ കോടതിമുറികളാകുമ്പോൾ നഷ്ടമാകുന്നത് ആരുടെയൊക്കെ ജീവിതങ്ങൾ

ശ്രീകുമാർ

കോട്ടയം: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹത്തിലേയ്ക്കു തുറന്നു വച്ച മൂന്നാം കണ്ണാകുകയാണ് വേണ്ടത്. രണ്ടു കണ്ണിലൂടെ കാണുന്ന കാര്യങ്ങൾ, മാധ്യമപ്രവർത്തകർ മൂന്നാം കണ്ണ് തുറന്നു സമൂഹത്തിലേയ്ക്കു കാട്ടിക്കൊടുക്കണം. ഇത്തരത്തിൽ തുറന്നു വച്ച ഓരോ കണ്ണുകളാകണം ഇവർ. ഈ കാഴ്ചകൾ കണ്ട് സമൂഹം ഓരോ സംഭവത്തിലും വിധിയെഴുതണം. ഇതാവണം മാധ്യമപ്രവർത്തനം. എന്നാൽ, കേരളത്തിലെയും ഇന്ത്യയിലെയും ചാനലുകളിൽ നടക്കുന്ന ചർച്ചകൾ പക്ഷേ, ദൗർഭാഗ്യകരമെന്നു പറയാതെ വയ്യ, തികച്ചും അരോചകമായി മാറിയിരിക്കുകയാണ്. മലയാള ചാനലുകളിലെ ഒൻപതു മണി ചർച്ചകൾ യഥാർത്ഥത്തിൽ ചാനൽ ജഡ്ജിമാരുടെ ഷോ ഓഫുകളായി മാറി.
ഓരോ വിഷയത്തെയും അഗ്രസീവായി സമീപിക്കുന്നതും, വാർത്ത അവതരിപ്പിക്കുന്നതും എല്ലാം ഏറ്റവും മികച്ച റിപ്പോർട്ടർമാരുടെ ലക്ഷണമായാണ് കരുതുന്നത്. എന്നാൽ, ഇന്ന് മലയാളം ചാനലുകളിൽ വരുന്ന വാർത്തകളുടെ അവതരണ ശൈലി പക്ഷേ, ഏറെ നിരാശപ്പെടുത്തുന്നതാണ്. ഒൻപതു മണി ചർച്ചകളിൽ ഏഷ്യാനെറ്റിൽ വിനുവും, മാതൃഭൂമിയിൽ വേണുവും, സ്മൃതി പരുത്തിക്കാടും നടത്തുന്ന ചർച്ചകൾ പലപ്പോഴും കാഴ്ചക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.
ചർച്ചകൾക്കു തുടക്കമിട്ട് ഇവർ നടത്തുന്ന ആദ്യ അവതരണ ഡയലോഗാണ് ഏറെ മോശമാകുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു മുസ്ലീം യുവാവിനു നേരെ പൊലീസ് അതിക്രമമുണ്ടായി. എന്നാൽ, ഈ വിഷയത്തെ വേണു അവതരിപ്പിച്ചത് ഏറെ ഭീതി ജനകമായ രീതിയിലാണ്. ഒരു സമൂഹത്തെ മുഴുവൻ പൊലീസ് അപമാനിച്ചെന്നും, നോമ്പെടുത്ത യൂവാവിനെയാണ് ഇത്തരത്തിൽ പൊലീസ് തല്ലിച്ചതച്ചതെന്നുമുള്ള വേണുവിന്റെ പ്രസ്താവനയെ ഭയത്തോടെയല്ലാതെ കാണാൻ ശരാശരി മലയാളി വായനക്കാരനോ കാഴ്ചക്കാരനോ സാധിക്കില്ല. മതസ്പർദ വളർത്തുന്നതിന്റെ അങ്ങേയറ്റം ഭീതി ജനകമായ രീതിയിലാണ് വേണു ഇതിനെ അവതരിപ്പിച്ചത്.
മലയാളത്തിൽ മലയാള മനോരമ എന്ന പത്രം അതിന്റെ രാഷ്ട്രീയം വ്യക്തമായി പറഞ്ഞും പറയാതെയും പത്രപ്രവർത്തനം നടത്താൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടു. അതുകൊണ്ടു തന്നെ ഓരോ ചാനലിന്റെയും പത്രത്തിന്റെയും രാഷ്ട്രീയം ഏതാണെന്ന് വാർത്തകളിലൂടെ മനസിലാക്കാൻ ഇന്ത്യയിലെ മറ്റേതൊരു നാടിനേക്കാളും ഏറെ നന്നായി മലയാളികൾക്കറിയാം. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒച്ചയും ബഹളവും വച്ചുള്ള മാധ്യമപ്രവർത്തനത്തെ മലയാളി സ്വീകരിക്കില്ലെന്നതാണ് വാസ്തവം. കാര്യങ്ങൾ കൃത്യമായും വ്യക്തമായും നിഷ്പക്ഷതയോടെയും അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തനമാണ് മലയാളി അംഗീകരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാള ചാനൽ മാധ്യമ പ്രവർത്തനം ശൈലി മാറ്റിയില്ലെങ്കിൽ വൻ പടുകുഴിയിലേയ്ക്കാവും ഇവർ പതിക്കാൻ പോകുന്നത്.