അഖിലിന്റെ ജീവനുമായി എബിയും കൂട്ടുകാരും പാഞ്ഞു; കുരുക്കഴിച്ചെങ്കിലും തിരികെ നൽകാനായില്ല ആ വിലയേറിയ ജീവനെ; ആർക്കും മാതൃകയാക്കാവുന്ന അനുകരണീയ മാതൃകയുമായി മൂന്നു യുവാക്കൾ; റോഡിൽ നിന്നും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവിതം

അഖിലിന്റെ ജീവനുമായി എബിയും കൂട്ടുകാരും പാഞ്ഞു; കുരുക്കഴിച്ചെങ്കിലും തിരികെ നൽകാനായില്ല ആ വിലയേറിയ ജീവനെ; ആർക്കും മാതൃകയാക്കാവുന്ന അനുകരണീയ മാതൃകയുമായി മൂന്നു യുവാക്കൾ; റോഡിൽ നിന്നും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവിതം

സ്വന്തം ലേഖകൻ

ചങ്ങനാശേരി: റോഡിൽ നിന്നും എബിയും കൂട്ടുകാരും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവനും ജീവിതവുമായിരുന്നു. കൈവിട്ടു പോകുമെന്നുറപ്പായിട്ടും, വണ്ടിയുടെ വേഗം ഒരു തരി പോലും കുറയ്ക്കാൻ എബി തയ്യാറായില്ല. റോഡിൽ പൊലിയേണ്ടതല്ല ആ ജീവനെന്ന് അവനുറപ്പായിരുന്നു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുൻപ് ആശുപത്രിയിൽ എത്തിയാൽ, ഒരു സെക്കൻഡ് മുൻപ് ചികിത്സ കിട്ടിയാൽ അവൻ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുമെന്നു എബിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, എബിയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച്, പരിശ്രമത്തെ വെറുതെയാക്കി ഡ്രൈവിംങ് ലൈസൻസിലെ ആ പേരുമാത്രം ബാക്കിയാക്കി അവൻ മടങ്ങി. റോഡിൽ ഒരാൾ വീണു കിടന്നാൽ തിരിഞ്ഞു പോലും നോക്കാത്തവരാണെങ്കിൽ ഈ യുവാക്കളുടെ സാഹസികതയുടെ കഥ വായിക്കാൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ – ചങ്ങനാശേരി എസി കനാൽ റോഡിലായിരുന്നു മനുഷ്യമനസാക്ഷിപോലും മരവിച്ചു പോകുന്ന അപകടമുണ്ടായത്. ഏതൊരാളും പ്രതിസന്ധിയിലായി പോകാവുന്ന സാഹചര്യം, മരണത്തെ മുഖാമുഖം കണ്ട് ഒരു യുവാവ് റോഡിൽ വീണു കിടക്കുന്നു. പക്ഷേ, ആർപ്പൂക്കര ചിറയിൽ എബി സി.ജോൺ, മനു ജോസഫ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആർപ്പൂക്കര കരിയംപുഴയിൽ ജിനു ജോർജിന്റെ മകൻ ജിത്തു ജിനു ജോർജ് എന്നിവർ ഒരു തരി പോലും പതറിയില്ല. ജീവനും കയ്യിലെടുത്തു പാഞ്ഞു. പക്ഷേ,് അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്നു ചിതറി വീണ ആലപ്പുഴ പുളിങ്കുന്ന് പഴയങ്കാടകത്തിൽ പ്രദീപിന്റെ മകൻ അഖിൽ പ്രദീപി(24)നെ പക്ഷേ, അവർക്കു ജീവിതത്തിലേയ്ക്കു തിരികെ എത്തിക്കാൻ സാധിച്ചില്ല.
പുളിങ്കുന്നിലെ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജിത്തുവിനെ തിരികെ വീട്ടിലേയ്ക്കു കൊണ്ടു വരുന്നതിനായാണ് ഉച്ചയോടെ എബിയും മനുവും ആലപ്പുഴയിലേയ്ക്കു തിരിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്നു സ്‌കൂളിനു അവധി നൽകിയതിനാൽ, ആലപ്പുഴയിലൊക്കെയൊന്നു കറങ്ങിയ സംഘം രണ്ടുമണിയോടെ യാത്ര തുടങ്ങി. ഇടയ്ക്കു ഒരു കടയിൽ കയറി ബിരിയാണിയും കഴിച്ച ശേഷമായിരുന്നു യാത്ര. ഇതിനിടെ മിന്നൽ വേഗത്തിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് ഇവരുടെ സ്‌കോർപ്പിയോയെ മറികടന്നു. സ്‌കോർപ്പിയോ പിന്നിൽ, മുന്നിൽ പോകുന്നത് ഒരു ഓട്ടോറിക്ഷ. രണ്ടിനെയും മറികടന്ന് കുതിച്ച ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തു നിന്നു. എന്തോ റോഡിൽ തട്ടി വീഴുന്നു. രണ്ടു കറക്കം കറങ്ങുന്നു. ആ കാഴ്ച കണ്ട് സ്‌കോർപ്പിയോയിൽ ഉണ്ടായിരുന്നവരും, റോഡരികിൽ നിന്നവരും ഒന്നിച്ച് തലയിൽ കൈവച്ചു. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ചക്രം ഒരു യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നു. റോഡിൽ നിറയെ രക്തം ചിതറിക്കിടക്കുന്നു.
കാർ നിർത്തിയ എബിയും, മനുവും ചാടിയിറങ്ങി. ഓടിയെത്തി യുവാവിനെ കോരി കൈകളിലേറ്റി. രണ്ടും കൽപ്പിച്ച് ഇയാളെയുമായി കാറിനുള്ളിലേയ്ക്കു പാഞ്ഞു. ഇതിനിടെ രക്ഷപെടാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ പിടികൂടിയിരുന്നു. അപകടത്തിൽപ്പെട്ട് റോഡിൽ വീണ യുവാവിനെയും കോരിയെടുത്ത് എബി പിന്നെ മിന്നൽ വേഗത്തിലാണ് പാഞ്ഞത്. പുളിങ്കുന്ന് ഭാഗത്തു നിന്നും പാഞ്ഞ കാർ അതിവേഗം ചങ്ങനാശേരിയിൽ എത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഹെഡ്‌ലൈറ്റും രണ്ട് ഇൻഡിക്കേറ്ററും ഇട്ടായിരുന്നു കാറിന്റെ മിന്നൽ യാത്ര. എംസി റോഡിലൂടെ വാഹനങ്ങളെ തൊട്ടും തലോടിയും, ജീവൻ കയ്യിൽപിടിച്ചു എബി മിന്നിൽ വേഗത്തിൽ പാഞ്ഞു. ലക്ഷ്യം, മെഡിക്കൽ കോളേജ് ആശുപത്രി മാത്രമായിരുന്നു. അതിവേഗം മൂന്നു മണിയ്ക്കുമുൻപു തന്നെ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. പക്ഷേ, ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേയ്ക്കും അഖിൽ മരിച്ചിരുന്നു. അഖിലിന്റെ മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റിയ ശേഷമാണ് എബിയും സുഹൃത്തുക്കളും മടങ്ങിയത്. ഇതിനിടെ അഖിലിന്റെ ബന്ധുക്കളും വിവരം അറിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.