play-sharp-fill
കാണാതായ മാധ്യമ സംഘത്തിലെ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കിലോമീറ്റർ അകലെ നിന്ന്

കാണാതായ മാധ്യമ സംഘത്തിലെ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കിലോമീറ്റർ അകലെ നിന്ന്

സ്വന്തം ലേഖകൻ

വൈക്കം: കല്ലറ മുണ്ടാറിൽ വള്ളം മറിഞ്ഞ് കാണാതായ മാധ്യമ സംഘത്തിലെ രണ്ടാമനായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല യൂണിറ്റിലെ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ഉഴത്തിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു (27) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബിപിനൊപ്പം കാണാതായ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകൻ കെ.കെ സജി (മെഗാസ് സജി – 47 ) യുടെ മൃതദേഹം രാവിലെ സംഭവസ്ഥലത്തു നിന്നും മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിരുന്നു.
മുണ്ടാറിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നതിനായാണ് മാതൃഭൂമി ന്യൂസ് കോട്ടയം യൂണിറ്റിലെ റിപ്പോർട്ടർ കെ.ബി ശ്രീധരൻ , ക്യാമറാമാൻ അഭിലാഷ്, സജി , ബിപിൻ , വള്ളം തുഴഞ്ഞിരുന്ന മുണ്ടാർ അഭിലാഷ് ഭവനിൽ കെ.പി അഭിലാഷ് (40) എന്നിവർ സഞ്ചരിച്ച വളളം മുങ്ങിയത്. വള്ളം മുങ്ങി രക്ഷപെട്ട മാതൃഭൂമി റിപ്പോർട്ടർ കെ. ബി ശ്രീധരനും, ക്യാമറാമാൻ അഭിലാഷും ഇപ്പോഴും ആശുപത്രിയിലാണ്. പരിക്കേറ്റ ഇരുവരെയും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും, സി പി എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അടക്കമുള്ളവരും സന്ദർശിച്ചിരുന്നു.
മരിച്ച സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച സജിയുടെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും .