നാദാപുരത്തും പരിസര പ്രദേശങ്ങളിലും അഞ്ചാം പനി ; 9 പേര്‍ക്ക് രോഗം; സ്ഥിരീകരിച്ചത് വാക്സിൻ എടുക്കാത്ത കുട്ടികളിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: നാദാപുരത്തും പരിസര പ്രദേശങ്ങളിലും കുട്ടികളിൽ അഞ്ചാം പനി പടര്‍ന്നുപിടിക്കുന്നു. 9 പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
നാദാപുരം പഞ്ചായത്തിലെ 6,7,19 വാര്‍ഡുകളിലെ 8 കുട്ടികള്‍ക്കും ഒരു യുവാവിനുമാണ് രോഗം ബാധിച്ചത്. ഇവരാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. നാദാപുരം പഞ്ചായത്തില്‍ ആകെ 340 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനി, ദേഹത്ത് പാടുകള്‍ എന്നീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കുട്ടികളിലേക്ക് അസുഖം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തും. ഇതിനായി വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘത്തെയും നിയോഗിച്ചു.