സി.കൃഷ്ണൻനായർ മാധ്യമ അവാർഡ് വി പി നിസാറിന്

സി.കൃഷ്ണൻനായർ മാധ്യമ അവാർഡ് വി പി നിസാറിന്

സ്വന്തം ലേഖകൻ

കാസർകോട്: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി. കൃഷ്ണൻനായരുടെ പേരിലുള്ള മാധ്യമ അവാർഡ് മംഗളം മലപ്പുറം ജില്ലാ ലേഖകൻ വി.പി നിസാറിന്. കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച്
2018 ജൂൺ 29,30, ജൂലൈ-രണ്ട്,മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ ഏഴുലക്കങ്ങളിലായി മംഗളം ദിനപത്രത്തിൽ പ്രസിദ്ദീകരിച്ച വ്യത്യസ്തരല്ല, ഇവർ വ്യക്തിമുള്ളവർ എന്ന വാർത്താപരമ്പരക്കാണ് അവാർഡ് ലഭിച്ചത്. അവഹേളനകളും പ്രയാസങ്ങളും നേരിട്ട് ജീവിതത്തിൽ വിജയം കൈവരിച്ച കേരളത്തിലെ ട്രാൻസ്ജെൻഡറുകളെ കുറിച്ചുള്ളതായിരുന്നു പരമ്ബര. 2012ൽ മംഗളം ദിനപത്രത്തിൽ ലേഖകനായി പത്രപ്രവർത്തന രംഗത്തെത്തിയ നിസാർ നിലവിൽ മംഗളം മലപ്പുറം ബ്യൂറോ ഇൻചാർജുമാണ്.
ഗ്രാമീണ പത്രപ്രവർത്തനത്തിനുള്ള സ്റ്റേറ്റ്സ്മാൻ ദേശീയ മാധ്യമ പുരസ്‌ക്കാരം, കേരളാ നിയമസഭയുടെ ആർ. ശങ്കരനാരായണൻ തമ്പി മാധ്യമ അവാർഡ്, കേരളാ പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ മാധ്യമ അവാർഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എൻ.എൻ സത്യവ്രതൻ മാധ്യമ അവാർഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാർഡ്, പ്രേംനസീർ സൗഹൃദ്സമിതിയുടെ അച്ചടി മാധ്യമ അവാർഡ്, തിക്കുറുശി മാധ്യമ അവാർഡ്, നടി ശാന്താദേവിയുടെ പേരിൽനൽകുന്ന 24ഫ്രൈം മാധ്യമ അവാർഡ്,
ഇൻഡൊഷെയർ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാർഡ്, തുടങ്ങിയ ബഹുമതികൾ ലഭിച്ചു. ദേശാഭിമാനിയുടെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടർ പി.പി കരുണാകരനും അവാർഡിന് അർഹനായി. ഫെബ്രുവരി 14ന് വൈകുന്നേരം കാസർകോട് കാലിക്കടവിൽവെച്ചു നടക്കുന്ന സി.കൃഷ്ണൻനായർ അനുസ്മരണ സമ്മേളനത്തിൽവെച്ച് അവാർഡ് സമ്മാനിക്കും. പതിനായിരംരൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മലപ്പുറം ജില്ലയിലെ കോഡൂർ വലിയാട് സ്വദേശി വിളഞ്ഞിപ്പുലാൻ അബൂബക്കറിന്റെയും അസ്മാബിയുടേയും മകനാണ് നിസാർ. ഭാര്യ: മുനീറ. മക്കൾ: റിഫിൽഷാൻ, ഇവാന.