ഫെസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിറപറ എം.ഡി യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി യുവതി ; നിറപറ മുതലാളി കുടുക്കിലേക്കോ ?, യുവതിയ്ക്ക് പിന്നിൽ വൻസംഘമെന്ന് പോലീസ്
സ്വന്തം ലേഖിക
പെരുമ്പാവൂർ: ഫേസ്ബുക് ചാറ്റ് പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി നിറപറ എംഡി ബിജു കർണ്ണനിൽ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പൻ സംഘം. ഒരു വർഷമായി സീമ വ്യവസായിയുമായി ഫേസ്ബുക് ബന്ധം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പല പേരുകൾ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും.
50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തുവെന്ന് ഭാര്യയോട് പറഞ്ഞ് പണം തട്ടുമെന്ന ഭീഷണിയെത്തിയതും ബിജു കർണ്ണൻ പരാതി നൽകിയതും. സീമ ബിജു കർണ്ണനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീമ ബിജു കർണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഈ ബന്ധം തുടർന്ന് ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങൾ ചിത്രീകരിക്കൽ ഈ കേസിൽ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി സിഐ പി എ ഫൈസൽ അറിയിച്ചു. സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന. സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാർട്ടികളിലും സീമയ്ക്കു ബന്ധമുള്ളതായി പറയുന്നു.
ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളിൽ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നു വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂർ മുള്ളേരി മനത്തിൽ ഷാഹിനെയും വിശദമായി പൊലീസ് ചെദ്യം ചെയ്യും. ഷാഹിൻ സീമയുടെ കാമുകനാണ്. ഭീഷണിപ്പെടുത്തി പണം തട്ടൽ, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കൽ തുടങ്ങിയ കേസുകൾ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാൽ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.
സീമയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. വ്യവസായി ആദ്യം 40 ലക്ഷം രൂപ നൽകി. ബാക്കി തുക അടുത്ത ഘട്ടത്തിലും നൽകി. വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണു പൊലീസിനെ സമീപിച്ചത്. വളരെ ആകർഷകമായി സംസാരിച്ചാണ് സീമയും കാമുകൻ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. ബിജു കർണ്ണനെ കുടുക്കാൻ അവർ മൂന്നു വർഷം കാത്തിരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്ബ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭർത്താവിനൊപ്പമാണു ചാലക്കുടിയിൽ താമസിക്കുന്നത്. പെൺകുട്ടികൾക്കായി തുടക്കത്തിൽ വലിയതുക വീട്ടുകാരെ ഏൽപ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നൽകാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.
കഴിഞ്ഞ മാസം തൃശൂർ നഗരത്തിലെ പി.ഒ. റോഡിൽനിന്നു സീമയെ പെൺവാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്‌ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെൺകുട്ടികൾ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബ്ലാക്‌മെയിൽ സാമ്ബത്തിക തട്ടിപ്പുകൾ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തൽ. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പിൽ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകർഷിച്ചു വലയിലാക്കുകയാണ് പതിവ്.
നഗ്‌നചിത്രങ്ങൾ പകർത്തി ഖത്തറിൽ വ്യവസായിയെ ബ്ലാക്‌മെയിൽ ചെയ്ത കേസ് ഏറെ ചർച്ചയായിരുന്നു. ഫേസ്ബുക്കിൽ ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ബിജു കർണ്ണനിൽ നിന്ന് പ്രതികൾ 45 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ ഒരു കോടി രൂപയോളം തട്ടിപ്പു സംഘം കൈക്കലാക്കിയതായാണ് അനൗദ്യോഗികമായ വിവരം. ബ്ലാക്‌മെയിൽ ചെയ്ത് കൂടുതൽ തുക വാങ്ങാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകാൻ ബിജു കർണ്ണൻ തയാറായത്. ഇത്തരം സംഭവങ്ങളിൽ മിക്കപ്പോഴും ഇരകൾ പരാതിപ്പെടാൻ മുതിരാത്തത് തട്ടിപ്പുകാർക്കു വളമാകുന്നു. വലിയ തുകകൾ ആവശ്യപ്പെട്ടുള്ള ശല്യം അസഹ്യമാകുമ്പോൾ മാത്രമാണ് പലരും പരാതിപ്പെടുന്നത്.
പെരുമ്പാവൂരിൽ ബ്ലാക്‌മെയിൽ കേസിൽ പൊലീസ് അറസ്റ്റു ചെയ്ത സീമയും പതിവു തട്ടിപ്പുകാരിയാണ്. ഖത്തറിൽ നഗ്‌നചിത്രം പകർത്തി ബ്ലാക്‌മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി ജയിലിലാക്കിയ പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇവർക്കും സീമയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് തിരക്കുന്നുണ്ട്. എറണാകുളം തോപ്പുംപടി സ്വദേശിനി മേരി വർഗീസാണ് കേസിലെ മുഖ്യ പ്രതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവസായിയെ സൗഹൃദം നടിച്ച് റൂമിലേക്കു വരുത്തി.
അവിടെ നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ യുവതിയുടെയും യുവാവിന്റെയും നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ ശേഷം പിന്നീടത് മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഇവരെ കണ്ണൂരിൽ നിന്നാണു പിടികൂടിയത്.