
സ്വന്തം ലേഖിക
നെടുമ്പാശേരി: ദേശീയപാതയില്‍ നെടുമ്പാശേരി കരിയാട് ജംഗ്‌ഷനില്‍ 168 ഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പിടിയില്‍.
പെരുമ്പാവൂര്‍ അല്ലപ്ര വേലംകുടി വീട്ടില്‍ സഫീര്‍ മൊയ്‌തീന്‍ (24), ആലുവ തോട്ടുമുഖം മുണ്ടക്കല്‍ വീട്ടില്‍ ഹാഷിം (23) വെങ്ങോല പെയ്‌നാടി വീട്ടില്‍ ജസീല്‍.പി.ജലീല്‍ (24), ഉളിയന്നൂര്‍ കാടുകണ്ടത്തില്‍ വീട്ടില്‍ ആസിഫ് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണ സംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പോലീസ് ഇവരുടെ വാഹനം പിന്തുടര്‍ന്ന് വന്ന് കരിയാട് ജംഗ്‌ഷനില്‍ വട്ടമിട്ട് നിര്‍ത്തിയാണ് പിടികൂടിയത്. പോലീസ് വളഞ്ഞപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി.
ബംഗലൂരുവില്‍ നിന്ന് കാര്‍മാര്‍ഗമാണ് നാലംഗ സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. സ്‌റ്റീയറിംഗിനടയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും വണ്ടിയില്‍ നിന്നും കണ്ടെടുത്തു.
ഇതിനു മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍ കുട്ടി, നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് പറഞ്ഞു.



