
4500 രൂപ മുടക്കിയാൽ എട്ടു മണിക്കൂർ വരെ വീര്യം: ലഹരിയുടെ ലോകത്തെ പുതു തലമുറയായ എം.ഡി.എം.എ ജില്ലയിലും പിടിമുറുക്കുന്നു; ക്യാപ്‌സൂളുകൾ എത്തിക്കുന്നത് ബംഗളൂരുവിൽ നിന്നും
തേർഡ് ഐ ബ്യൂറോ
കോട്ടയം: 4500 രൂപ മുടക്കിയാൽ എട്ടു മണിക്കൂർ വരെ വീര്യം. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ വിട്ടുപോകാനാവാത്ത ലഹരി..! കഞ്ചാവിനും മദ്യത്തിനും വീര്യം പോരെന്നു തോന്നുന്ന ജില്ലയിലെ പുതു തലമുറയിലെ ക്രിമിനലുകളും ഗുണ്ടകളും എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരിയിലേയ്ക്കു വഴി തിരിയുന്നതായി റിപ്പോർട്ട്. സ്റ്റാർട്ടിംങ് ഡ്രഗ് ആയി കഞ്ചാവ് ഉപയോഗിക്കുന്ന മാഫിയ സംഘങ്ങൾ പിന്നീട്, കൂടുതൽ ലഹരിയും പണവും തേടിയാണ് എം.ഡി.എം.എയും ഹാഷിശും അടക്കമുള്ള വീര്യം കൂടിയ പുതുതലമുറ ലഹരിയിലേയ്ക്കു തിരിയുന്നത്.
കുറുപ്പന്തറയിൽ എം.ഡി.എം.എയുമായി പിടികൂടിയ പാലാ തിടനാട് വില്ലേജിൽ ചെങ്ങഴ വീട്ടിൽ ബിനോയ് മകൻ ബെൻ ജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവൽ മകൻ ജെർമിയ മാനുവൽ(21) എന്നിവരെ ചോദ്യം ചെയ്തതോടെയാണ് ജില്ലയിലേയ്ക്കു എത്തിക്കുന്ന വീര്യം കൂടിയ ലഹരിയുടെ പുതുവഴികൾ വ്യക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിലെ ലഹരി മാഫിയ സംഘങ്ങളും മരുന്നു വ്യവസായികളുമാണ് എം.ഡി.എം.എയും വീര്യം കൂടിയ മറ്റു മരുന്നുകളും വിൽക്കുന്നത്. ഈ സംഘങ്ങളുമായി അടുപ്പം സ്ഥാപിച്ചാണ് ജില്ലയിലെ ഗുണ്ടാ – ലഹരിമാഫിയ സംഘങ്ങൾ ജില്ലയിലേയ്ക്കു വ്യാപകമായി ലഹരി മരുന്നുകൾ എത്തിക്കുന്നത്.
370 മില്ലിഗ്രാം തൂക്കം മാത്രമാണ് ഒരു ക്യാപ്‌സൂൾ എം.ഡി.എം.എയ്ക്കു ഉണ്ടാകുക. ബംഗളൂരുവിൽ ചെറിയ വിലയ്ക്കാണ് ഇത് മൊത്തവിതരണക്കാർക്കു ലഭിക്കുക. ഇവർ ഇത് 4000 മുതൽ 4500 രൂപയ്ക്കു വരെയാണ് ചില്ലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത്. ക്യാപ്‌സൂൾ രൂപത്തിലും പൊടിയുടെ രൂപത്തിലും എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരി ലഭിക്കും.
പത്തുഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് ഗുരുതരമായ ക്രിമിനൽക്കുറ്റമാണ്. ഇരുപത് വർഷത്തിൽക്കൂടുതൽ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഒരു ക്യാപ്‌സൂൾ കഴിച്ചാൽ എട്ടു മുതൽ പത്തു മണിക്കൂർ വരെ വീര്യം ലഭിക്കും.