എറണാകുളത്ത് ബ്യൂട്ടീഷൻ ജോലി , കൂട്ടത്തിൽ മയക്കുമരുന്ന് കച്ചവടം..! എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ
ചെർപ്പുളശ്ശേരി: പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് വില്ലേജിൽ വാഴൂർ ദേശത്ത് പാറക്കാടൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ അബ്ദുൾ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങൽ വീട്ടിൽ ഹംസ മകൻ ഷെമീർ അലി (30), കുനിയംകാട്ടിൽ വീട്ടിൽ വീരാൻകുട്ടി മകൻ ഷാഹുൽ ഹമീദ് (30), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസപ്പ മകൻ മുഹമ്മദ് ജംഷീർ ( 35), ആറ്റാശ്ശേരി ദേശത്ത് കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ഷെമീർ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ തൃക്കടീരി ആറ്റാശ്ശേരി എണ്ണക്കണ്ടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളിൽ നിന്നും 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും വിൽപ്പനയിൽ നിന്നും ലഭിച്ച 2150 രൂപയും മയക്കുമരുന്ന് സൂക്ഷിച്ച് വെക്കുന്നതിനും വില്പന നടത്തുന്നതിനും ഉപയോഗിച്ച മാരുതി ബെലനോ കാർ, ബജാജ് പൾസർ ബൈക്ക്, രണ്ട് യമഹ സ്ക്കൂട്ടർ എന്നിവ ഉൾപ്പെടെ 4 വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ ചില്ലറയായി തൂക്കി വിൽക്കുന്നതിനായുള്ള ത്രാസ്, സിബ് കവറുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതിയായ അബ്ദുൽ മഹ്‌റൂഫ് ആണ് സംഘത്തിലെ പ്രധാനിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളത്ത് ബ്യൂട്ടീഷൻ ആയി ജോലി ചെയ്യുന്ന അബ്ദുൽ മഹ്‌റൂഫ് അവിടെ നിന്നും എംഡിഎംഎ വാങ്ങി ആറ്റശ്ശേരി ചേർപ്പുളശ്ശേരി ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയാണ് പതിവ്. ഒരു ഗ്രാം എംഡിഎംഎ 5000 രൂപ നിരക്കിലാണ് ചില്ലറ വിൽപ്പന നടത്തി വരുന്നത്. ആറ്റശ്ശേരി ഭാഗത്തു കുറച്ചു മാസങ്ങൾ ആയി എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. അര ഗ്രാം എംഡിഎംഎ കൈവശം വെക്കുന്നത് പോലും 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ കെ. വസന്തകുമാർ, രാധാകൃഷ്ണ പിള്ള പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) എ.സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ. കെ എ, പി. ജിതേഷ് വനിത സിവിൽ എക്സൈസ് ഓഫിസർ സന്ധ്യ എന്നിവർ പങ്കെടുത്തു.