തേർഡ് ഐ ബ്യൂറോ
കുറവിലങ്ങാട്: എം.സി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. മരങ്ങാട്ടുപള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫാണ് (ജോർജുകുട്ടി -34) മരിച്ചത്. ഇയാളുടെ ഭാര്യ എലിസബത്തിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഏഴു മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കാളികാവ് പള്ളിയ്ക്കു സമീപത്തു വച്ചാണ് ബൈക്കിൽ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജോർജ് റോഡിൽ തലയിടിച്ചു വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു റോഡിൽ വീണു കിടന്ന ജോർജിനെ ആശുപത്രിയിൽ എത്തിച്ചു. എലിസബത്തിനും സാരമായി പരിക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ എത്തിയെങ്കിലും ജോർജിന്റെ മരണം സംഭവിച്ചിരുന്നു. തിരുവല്ല സ്വദേശികളാണ് ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ഓടിച്ചിരുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മരിച്ച ജോർജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.